തിരുവനന്തപുരം: കേരളത്തിലെ ഇടതു സര്‍ക്കാര്‍ പൂർണപരാജയമാണെന്ന കുറ്റസമ്മതമാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് സീതാറാം യെച്ചൂരി തുറന്ന് സമ്മതിച്ചിരിക്കുകയാണ്. പ്രതിപക്ഷം പറഞ്ഞുകൊണ്ടിരുന്നതും ഇത് തന്നെയാണ്. തെറ്റ് തിരുത്തുമെന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ഏറ്റുപറയുന്നുണ്ടെങ്കിലും ഒരിക്കലും തെറ്റുതിരുത്താന്‍ ഈ സര്‍ക്കാര്‍ തയാറായിട്ടില്ല. തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്കായിരുന്നു സര്‍ക്കാരിന്റെ യാത്ര.

ഭരണം മാറിയെന്ന് ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ല എന്ന സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍ ശരിയല്ല. ജനങ്ങള്‍ക്ക് ഭരണമാറ്റം നന്നായി അനുഭവപ്പെടുന്നുണ്ട്. ഭരണം സ്തംഭിച്ചതും, പദ്ധതി പ്രവര്‍ത്തനം നിലച്ചതും, സ്ത്രീപീഡനത്തിന്റെ മലവെള്ളപ്പാച്ചില്‍ ഉണ്ടായതും, റേഷന്‍ മുടങ്ങിയതും, വിലകുത്തനെ കയറിയതും, സദാചാര ഗുണ്ടായിസം അതിര് വിട്ടതും, രാഷ്ട്രീയ കൊലപാതക പരമ്പര മടങ്ങിയെത്തിയതുമെല്ലാം ഭരണമാറ്റം നടന്നതിന് തെളിവാണ്. ജനങ്ങള്‍ അവ നന്നായി അനുഭവിക്കുന്നുണ്ട്.

ഭരണപരാജയത്തിന് ഉദ്യോഗസ്ഥന്മാരെ പഴിപറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും സിപിഎം സെക്രട്ടേറിയറ്റിലെ ചില അംഗങ്ങളും ശ്രമിക്കുന്നതെന്നാണ് പുറത്ത് വന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. സ്വന്തം കഴിവ്‌കേട് മറച്ച് വയ്ക്കാന്‍ ഉദ്യോഗസ്ഥരെ പഴിപറഞ്ഞിട്ട് കാര്യമില്ല. പൊലീസിനെ നിയന്ത്രിക്കാന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ഇത്രയേറെ പൊലീസ് അതിക്രമങ്ങള്‍ ഉണ്ടായത് അതിനാലാണ്. പുറത്ത് വന്ന എല്ലാ സ്ത്രീപീഡനക്കേസുകളും അട്ടിമറിക്കാനാണ് പൊലീസ് ശ്രമിച്ചത് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഒരു മാസത്തിനുള്ളില്‍ 13 പൊലീസ് ഓഫിസര്‍മാരെ സസ്‌പെൻഡ് ചെയ്യേണ്ടി വന്നു എന്നതു തന്നെ പൊലീസ് സേനയില്‍ അരാജകത്വം വിളയാടുകയാണ് എന്നതിന് തെളിവാണ്. ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ അടി തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും അതവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. പകരം എരി തീയില്‍ എണ്ണയൊഴിക്കും പോലെ അത് വഷളാക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കോടതി നിരന്തരം ശാസിച്ചിട്ടും നിയമസഭയില്‍ അഴിമതി ആരോപണം ഉയര്‍ന്നിട്ടും സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും വിമര്‍ശനം ഉണ്ടായിട്ടും വിജിലന്‍സ് ഡയറക്ടറെ നിയന്ത്രിക്കാന്‍ കഴിയാത്ത പതനത്തിലാണ് മുഖ്യമന്ത്രി.

സ്ഥിരമായി തെറ്റു ചെയ്യുകയും അത് തിരുത്തുമെന്ന് പിന്നാലെ പ്രഖ്യാപിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന സിപിഎം നയിക്കുന്ന സര്‍ക്കാരില്‍ നിന്ന് അധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ