പാലക്കാട്: വാളയാർ അട്ടപ്പളളത്ത് ഒന്നര മാസത്തിനുളളിൽ സഹോദരിമാരായ രണ്ട് കുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിലെ പിന്നിലെ ദുരൂഹത അന്വേഷിക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. മാർച്ച് നാലിനാണ് നാലാംക്ലാസുകാരി ശരണ്യയെ (ഒന്പത്) വീട്ടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അതിന് 52 ദിവസം മുമ്പ് മൂത്ത സഹോദരി ജനുവരി 13 ന് കൃതിക (12) ഇതേ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രണ്ടു കുഞ്ഞുങ്ങളും ഒരേ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നാലാം ക്ലാസുകാരി ശരണ്യയുടെ മരണം ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യയിലേക്കു നയിച്ച കാരണമെന്തെന്ന് കണ്ടെത്താനായിട്ടില്ല. ഇതു കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി. ശരണ്യയുടെ സഹോദരി കൃതികയുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

തൂങ്ങിമരണത്തിനപ്പുറം ശരണ്യയുടെ മൃതദേഹത്തിൽനിന്ന് അന്വേഷണ വിധേയമാക്കേണ്ട തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് പ്രാഥമിക വിവരം. പക്ഷേ ആത്മഹത്യയിലേക്കു നയിച്ച കാരണം കണ്ടെത്തണം. ഇതിനുളള ശ്രമത്തിലാണ് പൊലീസ്. ഒരു വീട്ടിലെ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ ഒരേ രീതിയിൽ 50 ദിവസത്തിനുളളിൽ ആത്മഹത്യ ചെയ്യണമെങ്കിൽ വ്യക്തമായ കാരണമുണ്ടൊകുമെന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസും സംശയിക്കുന്നു. അതിനാൽത്തന്നെ ശരണ്യയുടെ സഹോദരി കൃതികയുടെ മരണവും അന്വേഷണ വിധേയമാണ്. എസിപി ജി.പൂങ്കുഴലിയുടെ മേൽനോട്ടത്തിൽ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുളള അന്വേഷണത്തിനാണ് പൊലീസ് തീരുമാനം.

ഒറ്റമുറി വീട്ടിലാണ് ഇവരുടെ താമസം. അഞ്ചുപേരടങ്ങുന്നതാണ് കുടുബം. അച്ഛനമ്മമാർ നിർമ്മാണ തൊഴിലാളികളാണ്. അവർ പണി കഴിഞ്ഞ് മടങ്ങിയെത്തുന്നതിന് മുമ്പാണ് രണ്ട് മരണങ്ങളും സംഭവിച്ചത്. മൂത്ത സഹോദരിയെ മരിച്ച നിലയിൽ ആദ്യം കാണുന്നത് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടിയാണെന്ന് നാട്ടുകാർ പറയുന്നു. അന്ന് സഹോദരിയെ മരിച്ച നിലയിൽ കാണുന്നതിന് മുമ്പ് വീട്ടിലേയ്ക്ക് വരുന്പോൾ രണ്ടുപേർ ടവൽ കൊണ്ട് മുഖം മറച്ച് പോകുന്നതായി കുട്ടി മൊഴി നൽകിയിരുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ ഇതേ കുറിച്ചൊന്നും പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും അവർ ആരോപിക്കുന്നു. സഹോദരിയുടെ മരണം ഇളയകുട്ടിയെ മാനസികമായി ബാധിച്ചിരുന്നുവെന്നും അതിനാൽ കുട്ടിയെ  കൗൺസിലിങ്ങിന് കൊണ്ടുപോകണമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നുവെങ്കിലും അവരത് ചെയ്തിട്ടില്ലെന്ന് പൊലീസ് പറയുന്നു.

എന്നാൽ ആദ്യ മരണത്തിലെ ദുരൂഹത മുതൽ പൊലീസ് അന്വേഷിക്കണമെന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും ആവശ്യം അടിസ്ഥാനത്തിൽ കൂടിയാണ് അന്വേഷണം ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ