നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ സംഘടിപ്പിച്ച വനിതാ മതിലിന് ആശംസകൾ നേർന്ന് സിസ്റ്റർ ലൂസി കളപ്പുര. സഭാവസ്ത്രത്തിന് പകരം ചുരിദാർ ധരിച്ച ഫോട്ടോയ്ക്കൊപ്പം പുരുഷ പൗരോഹത്യ മേധാവിത്വത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ് സിസ്റ്റർ ലൂസി ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

വനിതാ മതിലിന്റെ ലക്ഷ്യം രാഷ്ട്രീയ മത വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്ക് അതീതമായുള്ള സ്ത്രീ ശാക്തീകരണം മാത്രമാണ് എങ്കിൽ അതിന് തന്റെ എല്ലാവിധ ആശംസകളും നേരുന്നുവെന്ന് സിസ്റ്റര്‍ ലൂസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. താനൊരു യാത്രയിലാണെന്നും, സൗകര്യത്തിനായി സാധാരണ ഭാരതവേഷം ധരിച്ചിരിക്കുന്നതെന്നും ഇതുകണ്ട് പുരോഹിതന്മാര്‍ ആരും നെറ്റിചുളിക്കുകയോ ചങ്കിടിക്കുകയോ സുപ്പീരിയറിന്റെ അടുത്തേക്ക് ഓടുകയും വേണ്ടെന്നും സിസ്റ്റർ പറയുന്നു.

പിന്നീടുള്ള വരികളിൽ സഭയിലെ പുരുഷ മേധാവിത്വത്തെയും വേർതിരിവിനെയും സിസ്റ്റർ ചോദ്യം ചെയ്യുന്നു. കുർബാനയ്ക്ക് ശേഷം എന്ത് വസ്ത്രവും വൈദികർക്കാകാം, കന്യാസ്ത്രീകൾക്ക് അതെല്ലാം നിദ്ധമാണെന്നും സിസ്റ്റർ പറയുന്നു.

വിദേശസന്യാസിനികൾ ഭാരതത്തിൽ വരുമ്പോൾ കാലാവസ്ഥക്ക് അനുയോജ്യമായ വസ്ത്രം ധരിച്ച് സന്യാസം തുടരുന്നു.എന്നാൽ കേരളത്തിലെ കന്യാസ്ത്രീകൾ വിദേശവസ്ത്രവും ഇട്ട് നടക്കുന്നുവെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു. കൂടുതൽ സംസാരിക്കാനുണ്ട് പിന്നിടാകമെന്നും സിസ്റ്റർ മുന്നറിയിപ്പ് നൽകുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.