കന്യാസ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ സിസ്റ്റർ ലൂസി കളപ്പുരയെ ഒടുവിൽ സഭയിൽ നിന്നും പുറത്താക്കിയിരിക്കുന്നു. നേരത്തേ മുതൽ പുറത്താക്കൽ ഭീഷണി നിലനിന്നിരുന്നു. എന്നാൽ, സഭയിൽ നിന്നും പുറത്തു പോകേണ്ടി വന്നാൽ താനങ്ങനെ വെറുതേ പോകില്ലെന്ന് സിസ്റ്റർ ലൂസി നേരത്തേ പറഞ്ഞിരുന്നു. ഇന്ത്യൻ എക്‌സ‌്‌പ‌്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സിസ്റ്റർ ലൂസി ഇക്കാര്യം പറഞ്ഞത്.
Read More: സഭയ്‌ക്കെതിരെ ശബ്ദമുയർത്തുന്ന ‘പാപി’; സിസ്റ്റർ ലൂസിയുടെ ജീവിതം
“ഞാന്‍ സന്യാസത്തില്‍ ചേര്‍ന്നത് ആരുടേയും നിര്‍ബന്ധത്തിനല്ല. സ്വന്തം ഇഷ്ടത്തോടെയാണ്. ഒരു പുരോഹിതന്റേയും അടിമയായി ജീവിക്കാമെന്ന് ഞാന്‍ വാക്ക് നല്‍കിയിട്ടില്ല. കാലം മാറിയിട്ടുണ്ട്. കാലാനുസൃതമായ മാറ്റങ്ങള്‍ എല്ലായിടത്തും വരണം. പുസ്തകം ചെയ്യുന്നതും സിഡി ഇറക്കുന്നതും കാറ് വാങ്ങുന്നതുമൊന്നും ഒരു തെറ്റല്ല. ഇതൊക്കെ മനസിലാക്കാന്‍ കുറച്ച് വിവേകം ഉണ്ടായാല്‍ മതി. എനിക്കറിയാം, എന്നെ സഭയില്‍ നിന്നും പുറത്താക്കാന്‍ ഇവര്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. വര്‍ഷങ്ങളായി ഞാന്‍ സന്യാസോചിതമല്ലാത്ത ജീവിതമാണ് നയിക്കുന്നത് എന്നാണ് ആരോപണം. ഞാന്‍ ഒറ്റപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. എന്നോട് മിണ്ടരുതെന്ന് മറ്റു കന്യാസ്ത്രീകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പറ്റാവുന്ന അത്രയും ഞാന്‍ പിടിച്ചു നില്‍ക്കും. സഭാവസ്ത്രം ഉണ്ടെങ്കില്‍ മാത്രമേ സന്യാസ ജീവിതം നയിക്കാവൂ എന്നൊന്നും ഇല്ലല്ലോ. പാവപ്പെട്ടവര്‍ക്കും, ഒറ്റപ്പെട്ടവര്‍ക്കും വേണ്ടി ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം. ഇവിടുന്ന് പോകേണ്ടി വന്നാല്‍ ഞാനങ്ങനെ വെറുതെ പോകില്ല. എനിക്ക് ജീവിക്കാനുള്ള സാഹചര്യം സഭ ഒരുക്കണം.”
മേയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. പത്ത് ദിവസത്തിനകം സഭ ഒഴിഞ്ഞുപോകണമെന്ന് ലൂസി കളപ്പുരയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂപ്പീരിയര്‍ ജനറലാണ് സിസ്റ്റല്‍ ലൂസിയെ ഇക്കാര്യം അറിയിച്ചത്.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നടന്ന സമരത്തില്‍ സിസ്റ്റര്‍ ലൂസി പങ്കെടുത്തിരുന്നു. സമര പരിപാടികളില്‍ പങ്കെടുത്തതും സമൂഹ മാധ്യമങ്ങളിലടക്കം പരസ്യ പ്രതികരണങ്ങള്‍ നടത്തിയതുമാണ് നടപടിക്ക് കാരണമെന്ന് പറയുന്നു. സഭയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതും നടപടിക്ക് കാരണമായി. സഭയില്‍ നിന്നും അധികാരികളില്‍ നിന്നും ലഭിച്ച മുന്നറിയിപ്പുകള്‍ ലൂസി കളപ്പുര പാലിച്ചില്ലെന്നും ആരോപണമുണ്ട്.
എന്നാല്‍, സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് ലൂസി കളപ്പുര അറിയിച്ചു. സഭയില്‍ നിന്ന് അങ്ങനെ ഇറങ്ങി പോകില്ലെന്നും ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും ലൂസി കളപ്പുര പറഞ്ഞു.