കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് കോണ്‍വെന്റില്‍ തുടരാനാവില്ലെന്നു ഹൈക്കോടതി. പുറത്താക്കല്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജി വത്തിക്കാന്‍ തളളിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജാവിജയരാഘവന്റെ നിരീക്ഷണം.
കോണ്‍വെന്റില്‍ താമസിക്കാന്‍ അവകാശമുണ്ടോയെന്ന കാര്യം പരിഗണിക്കേണ്ടത് സിവില്‍ കോടതിയാണന്നും സിസ്റ്റര്‍ ലൂസി സമര്‍പ്പിച്ച ഹര്‍ജി മുനിസിഫ് കോടതിയുടെ പരിഗണനയിലാണെന്നും ഹര്‍ജി ഭാഗം വാദിച്ചു. മുനിസിഫ് കോടതിയുടെ അന്തിമ തിര്‍പ്പ് വരുന്നതുവരെ കോണ്‍വെന്റില്‍ തുടരാന്‍ അനുവദിക്കണമെന്നും അഭിഭാഷകന് ആവശ്യപ്പെട്ടു.
പൊലീസ് സംരക്ഷണം സംബന്ധിച്ച കേസില്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാനാവില്ലെന്നും ഭീഷണിയുണ്ടന്ന പരാതിയിലാണ് ക്രമസമാധാനം ഉറപ്പുവരുത്താനും ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കാനും നിര്‍ദേശിച്ചതെന്നും കോടതി പറഞ്ഞു. അവകാശങ്ങള്‍ സംബന്ധിച്ച് തീര്‍പ്പ് വരുത്തേണ്ടത് റിട്ട് ഹര്‍ജിയിലല്ല. പൊലീസ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും കോണ്‍വെന്റ് സന്ദര്‍ശിച്ച് സഹായം ഉറപ്പാക്കിയിട്ടുണ്ട്.
കോണ്‍വെന്റില്‍നിന്ന് ഒഴിയാന്‍ സാവകാശം അനുവദിക്കാം. എന്ന് ഒഴിവാകാനാവുമെന്ന് ചൊവ്വാഴ്ച അറിയിക്കണം. കോണ്‍വെന്റില്‍ നടന്നതായി ഹര്‍ജിക്കാരി ആരോപിക്കുന്ന സംഭവങ്ങളിലെ കാര്യകാരണങ്ങളിലേക്ക് കടക്കുന്നില്ലെന്നും കോടതി പറഞ്ഞു.
Also Read: തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു
സിസ്റ്റര്ക്കെതിരെയും ആരോപണങ്ങളുണ്ടെങ്കിലും അക്കാര്യങ്ങള്‍ കോടതിയില്‍ ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മദര്‍ സുപ്പീരിയറിനുവേണ്ടി ഹാജരായ അഭിഭാഷകന് ബോധിപ്പിച്ചു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഈ കേസില്‍ പരിശോധിക്കേണ്ടതില്ലന്നും കോടതി പറഞ്ഞു.
താമസസ്ഥലം എവിടെയാണെങ്കിലും സിസ്റ്റര്‍ ലൂസിയുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു.
തന്നെ പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് റോമിലെ അപ്പീൽ കൗൺസിലിനെ സമീപിച്ചതായി സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു. റോമിൽനിന്ന് ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരെവിനെതിരെ സമർപ്പിച്ച അപ്പീൽ നിലവിലുള്ള സാഹചര്യത്തിൽ കോൺവൻറിൽനിന്നു പുറത്താക്കാനാവില്ലെന്നും സിസ്റ്റർ ലൂസി കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ റോമിൽനിന്നു ലൂസി കളപ്പുരയെ പുറത്താക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടന്നും ഇത് അന്തിമമാണന്നും ഇറ്റാലിയൻ ഭാഷയിലുള്ള ഉത്തരവിൻ്റെ ഇംഗ്ലീഷ് പരിഭാഷ ഹാജരാക്കി എഫ്സി കോൺവെന്റ് മദർ സുപ്പീരിയർ വാദിച്ചത്. പുറത്താക്കപ്പെട്ട വ്യക്തിക്ക് കോൺവെന്റിൽ തുടരാൻ അവകാശമില്ലെന്നും സിവിൽ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ കാലാവധി കഴിഞ്ഞതായും മദർ സുപ്പീരിയർ അറിയിച്ചിരുന്നു.