തി​രു​വ​ന​ന്ത​പു​രം: നി​പ്പാ വൈ​റ​സ് ബാ​ധി​ത​രെ ശു​ശ്രൂ​ഷി​ച്ചതിന് പിന്നാലെ രോഗം ബാധിച്ച് മ​രിച്ച സിസ്റ്റർ ലിനിക്ക് ആദരവുമായി സർക്കാർ. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ മുൻ ജീവനക്കാരിയായ ലിനിയോടുളള ആദര സൂചകമായി സംസ്ഥാനത്തെ മികച്ച നഴ്‌സിനുളള പുരസ്കാരം ലിനിയുടെ പേരിൽ നൽകും.

“​സി​സ്റ്റ​ർ ലി​നി പു​തു​ശേ​രി അ​വാ​ർ​ഡ്’ എന്നാകും ഈ അവാർഡ് അറിയപ്പെടുക. നിപ്പാ വൈറസ് ബാധയെ തുടർന്ന് മരിച്ച ലിനിയുടെ മൃതദേഹം കാണാൻ മക്കൾക്ക് പോലും സാധിച്ചിരുന്നില്ല. വൈറസ് പടരാനുളള സാധ്യത കണക്കിലെടുത്ത് ബന്ധുക്കളുടെ സമ്മതത്തോടെയാണ് മൃതദേഹം സംസ്കരിച്ചത്.

ലിനിയുടെ മരണം നിപാ വൈറസ് ഭീതിയുടെ കാലത്ത് സംസ്ഥാനത്തിന്റെ തീരാവേദനയായിരുന്നു. കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി, നിപ ബാധിതനായ യുവാവിനെ പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ ശുശ്രൂഷിച്ചിരുന്നു. ഇതിന് പിറകെയാണ് പനിബാധിച്ചത്. അസുഖം രൂക്ഷമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇവര്‍ പിന്നീട് നിപ ലക്ഷണങ്ങളോടെ മരിക്കുകയായിരുന്നു.

മരണ ശേഷമാണ് ഇവര്‍ നിപാ ബാധിതയായിരുന്നെന്ന റിപോര്‍ട്ട് ലഭിച്ചത്. വിദേശത്തായിരുന്ന ലിനിയുടെ ഭര്‍ത്താവിന് ജോലിനല്‍കാനും മക്കള്‍ക്ക് ഇരുവര്‍ക്കുമായി 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. ലിനിക്ക് ലോകാരോഗ്യ സംഘടനയും, ദി എക്കണോമിസ്റ്റ് മാസികയും ആദരം അര്‍പ്പിച്ചിരുന്നു. പിന്നാലെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പുതുതായി സ്ഥാപിക്കുന്ന വനിതാ വാർഡിന് ലിനിയുടെ പേര് നൽകുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook