കൊച്ചി: എഫ്‌സിസി വിജയവാഡ പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ലിസി വടക്കേലിനെ സഭയുടെ വീട്ടു തടങ്കലില്‍ നിന്നു പൊലീസെത്തി മോചിപ്പിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും സിസ്റ്റര്‍ ലിസി കഴിഞ്ഞ 14 വര്‍ഷമായി മൂവാറ്റുപുഴയിലെ സഭയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസില്‍ അനധികൃതമായി കഴിയുകയായിരുന്നുവെന്ന വാദവുമായി എഫ്‌സിസി വിജയവാഡ കോണ്‍വെന്റ് മഠം സുപ്പീരിയര്‍ സിസ്റ്റര്‍ അല്‍ഫോന്‍സ രംഗത്ത്. ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് നാടകീയ സംഭവങ്ങള്‍ക്കു ശേഷം സ്വയം ന്യായീകരിക്കുന്ന തരത്തിലുള്ള പത്രക്കുറിപ്പുമായി സിസ്റ്റര്‍ അല്‍ഫോന്‍സ രംഗത്തെത്തിയത്.
എഫ്‌സിസി വിജയവാഡ പ്രൊവിന്‍സിന്റെ ഉടമസ്ഥതയില്‍ മൂവാറ്റുപുഴയില്‍ ഉള്ള ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ 14 വര്‍ഷത്തിലധികമായി അനധികൃതമായി താമസിച്ചുവരികയായിരുന്നു സിസ്റ്റര്‍ ലിസി. വിജയവാഡ പ്രൊവിന്‍സിന് കേരളത്തില്‍ യാതൊരുവിധ പ്രവര്‍ത്തനങ്ങളും ഇല്ലെന്നിരിക്കെ കേരളത്തിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ച് സ്വന്തം നിലയ്ക്കുള്ള കാര്യങ്ങള്‍ നടത്തിപ്പോരുകയായിരുന്നു ഇവര്‍. അതിനിടയില്‍ കുറവിലങ്ങാട് മഠവുമായി അടുപ്പം സ്ഥാപിക്കുകയും ഫ്രാങ്കോ പിതാവിനെതിരേ പൊലീസില്‍ രഹസ്യ മൊഴി നല്‍കുകയും ചെയ്തു, വിശദീകരണക്കുറിപ്പില്‍ ആരോപിക്കുന്നു.
മൊഴി നല്‍കിയത് കോണ്‍വെന്റിനു പുറത്ത് രഹസ്യമായി ആയിരുന്നതിനാല്‍ തനിക്കും മറ്റുള്ളവര്‍ക്കും അക്കാര്യം അറിയില്ലായിരുന്നുവെന്നു പറയുന്ന പത്രക്കുറിപ്പില്‍ ട്രാന്‍സ്ഫര്‍ ഉത്തരവ് ജനുവരി 25-നു നല്‍കിക്കഴിഞ്ഞ ശേഷമാണ് താന്‍ ഫ്രാങ്കോ കേസില്‍ രഹസ്യ മൊഴി നല്‍കിയിരുന്നുവെന്ന വിവരം അറിയിക്കുന്നതെന്നും മദര്‍ സുപ്പീരിയര്‍ വാദിക്കുന്നു. ഇപ്പോള്‍ നല്‍കിയത് സ്വഭാവിക സ്ഥലംമാറ്റത്തിനൊപ്പം വഴിമാറി നടന്നിരുന്ന സഹോദരിക്കു നല്‍കിയ തിരുത്തലും കൂടിയായിരുന്നുവെന്നും എഫ്‌സിസി സഭയുടെ സിനാക്‌സിസ് തീരുമാനപ്രകാരമുള്ള നിയമനമായിരുന്നു 2019 ഫെബ്രുവരി 12-ലെ നിയമനമെന്നും കത്തില്‍ വാദിക്കുന്നുണ്ട്.

നിയമനത്തിന് ശേഷം അമ്മയുടെ ചികിത്സയ്ക്കു നാട്ടിലേക്കുവരണമെന്നു പറഞ്ഞ സിസ്റ്റര്‍ ലൂസിക്കായി ഫെബ്രുവരി 16-ന് ടിക്കറ്റ് ബുക്കു ചെയ്‌തെങ്കിലും അവര്‍ ഇതു നിഷേധിച്ച് തന്നെ നാട്ടിലേക്കു വരികയായിരുന്നുവെന്നും അപ്പോഴാണ് താനും ഒപ്പംപോന്നതെന്നും സുപ്പീരിയര്‍ അവകാശപ്പെടുന്നുണ്ട്. എഫ്‌സിസി മദര്‍ ജനറലിനെ സന്ദര്‍ശിച്ച സിസ്റ്റര്‍ ലൂസി അവരുമായി വാക്കുതര്‍ക്കമുണ്ടാക്കി പിണങ്ങിപ്പോയപ്പോള്‍ താന്‍ അമ്മയുടെ ചികിത്സ നടക്കുന്ന ആശുപത്രിയിലെത്തിച്ചെന്നു പറയുന്ന സുപ്പീരിയര്‍ 18ന് സിസ്റ്റര്‍ ലിസിയുടെ സഹോദരന്മാര്‍ ഗസ്റ്റ് ഹൗസിലെത്തി ബഹളമുണ്ടാക്കിയെന്നും അന്ന് ഉച്ചയ്ക്കു പൊലീസെത്തിയാണ് അവരെ കൂട്ടിക്കൊണ്ടു പോയതെന്നും വിശദീകരിക്കുന്നു.
Read: ഫ്രാങ്കോയ്‌ക്കെതിരെ സാക്ഷി പറഞ്ഞ കന്യാസ്ത്രീ സഭയുടെ തടങ്കലില്‍; പൊലീസെത്തി മോചിപ്പിച്ചു
ഫ്രാങ്കോ കേസില്‍ മൊഴി നല്‍കിയ സിസ്റ്റര്‍ ലിസി വടക്കേലിനെ സഭ തടങ്കലില്‍ വച്ചെന്ന പരാതിയെത്തുടര്‍ന്നാണ് പൊലീസെത്തി ഇവരെ മോചിപ്പിച്ചിരുന്നു. സഹോദരന്റെ പരാതിയില്‍ വിജയവാഡ കോണ്‍വെന്റ് സുപ്പീരിയര്‍ ഉള്‍പ്പടെ നാലുപേര്‍ക്കെതിരേ മൂവാറ്റുപുഴ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ന്യായീകരണവുമായി സുപ്പീരിയര്‍ രംഗത്തെത്തിയത്. അതേസമയം 14വര്‍ഷം അനധികൃതമായി താമസിച്ച കന്യാസ്ത്രീക്കെതിരേ മുന്‍പ് നടപടിയെടുക്കാത്തതെന്താണെന്ന ചോദ്യത്തിനും ഉത്തരം നല്‍കാന്‍ അധികൃതര്‍ക്കു കഴിയുന്നില്ല.