കൊച്ചി: “ലൈംഗിക പീഡനത്തിനിരയായെന്ന് ഒരു കന്യാസ്ത്രീ തന്റെ മദര്‍ സുപ്പീരിയറിനോടോ ബന്ധപ്പെട്ട അധികൃതരോടോ പരാതിപ്പെട്ടാല്‍ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങള്‍ വളരെ വേദനാജനകമായിരിക്കുമെന്ന് സിസ്റ്റർ ജെസ്സി കുര്യൻ. നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോറിറ്റി എജ്യുക്കേഷണല്‍ ഇൻസ്റ്റിറ്റ്യൂഷൻ മുൻ അംഗവും സുപ്രീം കോടതി അഭിഭാഷകയുമാണ് സിസ്റ്റർ ജെസ്സി കുര്യൻ. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഉന്നയിച്ച പീഡന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സിസ്റ്റർ ജെസ്സി കുര്യൻ ഇത് സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവയ്ക്കുകയോ അല്ലെങ്കില്‍ ബിഷപ്പിനെ സ്ഥാനത്ത് നിന്നും മാറ്റിനിർത്തുകയോ ചെയ്യണമെന്നും സിസ്റ്റർ ജെസ്സി കുര്യൻ ആവശ്യപ്പെട്ടു. ആരോപണ വിധേയനെ അധികാരസ്ഥാനത്ത് തുടരുമ്പോൾ നീതിപൂർവ്വകവും സത്യസന്ധവുമായ അന്വേഷണം സാധ്യമാകില്ലെന്നും അവർ പറയുന്നു.
ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ് സ്ഥാനത്ത് നിന്ന് നീക്കാന്‍ അടിയന്തരമായി വത്തിക്കാനില്‍ നിന്നുള്ള ഇടപെടല്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സിബിസിഐയുടെ വനിതാ വിഭാഗം മുൻ സെക്രട്ടറി വിര്‍ജീനിയ സല്‍ദാന കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിന് പുറമെ, സിബിസിഐ പ്രസിഡന്റിനും വത്തിക്കാന്‍ സ്ഥാനപതിക്കും നല്‍കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയിലെമ്പാടുമുള്ള വൈദികരും വിശ്വാസികളും കന്യാസ്ത്രീകളും ഒപ്പ് ശേഖരണവും തുടങ്ങിയിരുന്നു. ഈ രണ്ട് സംഭവങ്ങളുടെ പിന്നാലെയാണ് നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റി എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ മുൻ അംഗം കൂടിയായ സിസ്റ്റർ ജെസ്സി കുര്യൻ രംഗത്തെതിയത്.
ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജംബതിസ്‌കോ ദിസ്‌കിതോയ്ക്കും സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനും സിബിസിഐയുടെ വനിതാ വിഭാഗം മുൻ സെക്രട്ടറി വിര്‍ജീനിയ സല്‍ദാന കത്തയച്ചത്. വിർജീനിയ സൽദാനയ്ക്ക് പിന്നാലെ സുപ്രീം കോടതി അഭിഭാഷക കൂടിയായ സിസ്റ്റർ ജെസ്സി കുര്യൻ രംഗത്തെത്തിയത് സഭാ നേതൃത്വത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
“കത്തോലിക്കാ ബിഷപ് കത്തോലിക്കാ സഭയിലെ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന വാര്‍ത്തയാണ് ഇപ്പോള്‍ മിക്കവാറും മാധ്യമങ്ങളുടെ പ്രധാന തലക്കെട്ട്. ആരോപണ നിഴലിലായ ബിഷപ് ഈ സന്യാസ സഭയുടെ പേട്രണും ഇരയായ കന്യാസ്ത്രീ ഇതിന് കീഴിലെ അംഗവുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നീതി പൂര്‍വകവും സത്യസന്ധവുമായ അന്വേഷണം നടക്കുമെന്നു വിശ്വസിക്കാനാവില്ല”, സിസ്റ്റർ ജെസ്സി കുര്യൻ പറയുന്നു.
Read More: ‘പീഡാനുഭവ’ ആരോപണങ്ങൾ, ആളൊഴിയുന്ന കന്യാസ്ത്രീ മഠങ്ങൾ
“ഏതെങ്കിലുമൊരംഗം എന്തെങ്കിലും തുറന്നു പറയാന്‍ തയ്യാറായാല്‍ ജീവിതകാലം മുഴുവന്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. അതു മദര്‍ ജനറലാണെങ്കിലും മദര്‍ സുപ്പീരിയറാണെങ്കില്‍ പോലും. നിലവില്‍ ആ കോണ്‍ഗ്രിഗേഷന്റെ നിലനില്‍പ്പു തന്നെ ഭീഷണിയിലാണ്, സിസ്റ്റര്‍ ജെസി വ്യക്തമാക്കുന്നു. നിലവിലുള്ള സാഹചര്യം പരിഗണിക്കുമ്പോള്‍ ആരോപണ വിധേയനായ ബിഷപ്പ് രാജിവയ്ക്കുകയോ അല്ലെങ്കില്‍ സഭാ നേതൃത്വം ബിഷപ്പിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തയ്യാറാവുകയോ വേണമെന്നും അഭിഭാഷകയായ സിസ്റ്റർ ചൂണ്ടിക്കാട്ടുന്നു.
കന്യാസ്ത്രീ മഠങ്ങളിലുള്ളവര്‍ക്ക് എല്ലാം അറിയാമെങ്കിലും അവര്‍ ഒരിക്കലും ഒന്നും തുറന്നു പറയില്ലെന്നും ആ രീതിയിലാണ് കന്യാസ്ത്രീ മഠങ്ങള്‍ കത്തോലിക്കാ സഭ ഉണ്ടാക്കിയിരിക്കുന്നതെന്നും സിസ്റ്റര്‍ ജെസ്സി കുര്യൻ പറയുന്നു. “ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്ത സിസ്റ്റർ ജെസ്സിയുമായുളള സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്.
Read More: ബിഷപ്പ് ഫ്രാങ്കോയെ പുറത്താക്കണം: സിബിസിഐ വിമൻസ് കമ്മീഷൻ മുൻ സെക്രട്ടറി
“ലൈംഗിക പീഡനത്തിനിരയായെന്ന് ഒരു കന്യാസ്ത്രീ തന്റെ മദര്‍ സുപ്പീരിയറിനോടോ ബന്ധപ്പെട്ട അധികൃതരോടോ പരാതിപ്പെട്ടാല്‍ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങള്‍ വളരെ വേദനാജനകമായിരിക്കും. തുടര്‍ന്ന് സ്ഥലംമാറ്റം, തരംതാഴത്തല്‍, പുറത്താക്കല്‍ തുടങ്ങിയ പ്രത്യാഘാതങ്ങളായിരിക്കും അനുഭവിക്കേണ്ടിവരിക. അല്ലെങ്കില്‍ മാനസികമായും വൈകാരികമായ പീഡനങ്ങള്‍ കോണ്‍ഗ്രിഗേഷന്‍ തന്നെ വിട്ടുപോകാന്‍ അവരെ പ്രേരിപ്പിക്കും.” സിസ്റ്റർ ജെസ്സി കുര്യൻ വ്യക്തമാക്കുന്നു.
“ഇരകള്‍ വീണ്ടും ഇരകളാക്കപ്പെടുന്ന സാഹചര്യമാണ് സഭയില്‍ നിലനില്‍ക്കുന്നത്, സിസ്റ്റര്‍ പറയുന്നു, എന്തൊക്കെ ആരോപണങ്ങളുണ്ടായാലും വൈദികന്‍ എപ്പോഴും വൈദികന്‍ തന്നെയായിരിക്കും എനിക്കു പലപ്പോഴും വേദനയുണ്ടാക്കിയിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാണ് കന്യാസ്ത്രീകള്‍ വല്ലപ്പോഴും മാത്രം ഇത്തരം കഥകള്‍ പുറത്തുപറയുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്ന നിരവധി കന്യാസ്ത്രീകളെക്കുറിച്ച് എനിക്കറിയാം. പക്ഷേ വളരെക്കുറച്ച് കഥകള്‍ മാത്രമാണ് പുറത്തുവരുന്നത്” സിസ്റ്റര്‍ ജെസ്സി കുര്യൻ പറയുന്നു.