പാലാ: സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ കേസിൽ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം തടവ്. പാലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതി സതീഷ് ബാബു കൈക്കോടാലി ഉപയോഗിച്ച് സിസ്റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. കൊലപാതകം, മാനഭംഗം, ഭവനഭേദനം എന്നീ വകുപ്പുകളാണു പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
പാലാ ലിസ്യൂ കാർമലൈറ്റ് മഠത്തിൽ 2015 സെപ്റ്റംബർ 16 നാണ് മൂന്നാം നിലയിലെ തന്റെ മുറിയിൽ സിസ്റ്റർ അമലയെ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ സിസ്റ്റർ അമലയുടെ മുറിയിൽ പ്രതി സതീഷ് ബാബു വെളിച്ചം കണ്ടു. സിസ്റ്റർ അമല കണ്ടിരിക്കാമെന്ന ധാരണയിലാണ് കൊല നടത്തിയത്.
ചേറ്റുതോട് മഠത്തിലെ മുറിയിൽ 2015 ഏപ്രിൽ 17നു സിസ്റ്റർ ജോസ് മരിയ (81) മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിലും പാലാ ലിസ്യൂ മഠത്തിലെ സിസ്റ്റർ ജസീന്ത(75)യെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് സതീഷ് ബാബു. 2015ൽ ഭരണങ്ങാനം അസീസി സ്നേഹഭവനിൽ മോഷണം നടത്തിയ കേസിൽ സതീഷ് ബാബുവിനെ പാലാ കോടതി 6 വർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു.