തിരുവനന്തപുരം: പൊലീസ് ആത്മഹത്യയായി എഴുതിത്തള്ളിയ സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന കണ്ടെത്തലിലേക്കു വഴിതുറന്നത് ജോമോന്‍ പുത്തന്‍പുരയ്ക്കലും ആക്ഷന്‍ കൗണ്‍സിലും. ഞാനൊരു നിമിത്തം മാത്രമായിരുന്നു ഈ ദിവസത്തിനുവേണ്ടിയായിരുന്നു ഞാൻ കാത്തിരുന്നതെന്നായിരുന്നു 28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും കുറ്റക്കാരാണെന്ന സിബിഐ കോടതി വിധിയോടുള്ള ജോമോൻ പുത്തൻ പുരയ്ക്കലിന്റെ പ്രതികരണം. ഇനി എനിയ്ക്കു മരിച്ചാലും ദുഃഖമില്ലെന്നും ജോമോൻ കൂട്ടിച്ചേർത്തു.
കോട്ടയം അരീക്കര അയിക്കരകുന്നേല്‍ തോമസിന്റെയും ലീലാമ്മയുടെയും ഏക മകളായിരുന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിധി കേൾക്കാൻ തോമസും ലീലാമ്മയും ജീവിച്ചിരിപ്പിച്ചില്ല. ഇരുവുരം നാലു വർഷം മുൻപ് മരിച്ചു.
സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ നിലപാട്. ഇതിനെതിരെ 1992 മാര്‍ച്ച് 31ന് ആക്ഷന്‍ കൗണ്‍സില്‍ രൂപം കൊണ്ടത്. കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ പി.സി. ചെറിയാന്‍ മടുക്കാനി പ്രസിഡന്റും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറുമായി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ സെിസ്റ്റര്‍ അഭയയുടെ മരണത്തില്‍ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയത്ത് നിരവധി സമരങ്ങള്‍ നടത്തി.
17 ദിവസം കേസ് അന്വേഷിച്ച ലോക്കല്‍ പൊലീസില്‍നിന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു പത്തു മാസത്തോളം ക്രൈം ബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍. അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് 1993 ജനുവരി 30- ന് കോട്ടയം ആര്‍.ഡി.ഒ കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ഇതേത്തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കലും ആക്ഷന്‍ കൗണ്‍സിലും സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.
1993 ഏപ്രില്‍ 30-നാണു സി.ബി.ഐ കേസ് ഏറ്റെടുത്തത്. ഡിവൈ.എസ്.പി. വര്‍ഗീസ് പി.തോമസിനായിരുന്നു അന്വേഷണച്ചുമതല. ഇദ്ദേഹം വിരമിക്കാന്‍ ഏതാനും വര്‍ഷം മാത്രം ബാക്കിനില്‍ക്കെ സര്‍വീസില്‍നിന്നു രാജിവച്ചു. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, അഭയയുടെ മരണം ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ എസ്.പി. വി. ത്യാഗരാജന്‍ സമ്മര്‍ദം ചെലുത്തിയെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ വന്‍ കോളിളക്കം സൃഷ്ടിച്ചു.
കേസിന്റെ മേല്‍നോട്ടച്ചുമതലയില്‍നിന്ന് ത്യാഗരാജനെ നീക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ 1994 മാര്‍ച്ച് 17-ന് ഹൈക്കോടതിയെ സമീപിച്ചു. ഇതിനു പിന്നാലെ ഇതേ ആവശ്യമുന്നയിച്ച് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍, എം.പിമാരായ ഒ.രാജഗോപാല്‍, ഇ.ബാലാനന്ദന്‍, പി.സി.തോമസ് എന്നിവര്‍ സിബിഐ ഡയറക്ടര്‍ കെ. വിജയരാമറാവുവിനെ കണ്ടു. തുടര്‍ന്ന് 1994 ജൂണ്‍ രണ്ടിനു വി. ത്യാഗരാജനെ കേസിന്റെ മേല്‍നോട്ടത്തില്‍നിന്ന് നീക്കുകയും എം.എല്‍ ശര്‍മയുടെ നേത്യത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്തു. വി. ത്യാഗരാജനെ ചെന്നെയിലേക്കു സ്ഥലം മാറ്റി.
2007 മേയിലാണു കേസില്‍ മറ്റൊരു വഴിത്തിരിവുണ്ടാകുന്നത്. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ വീണ്ടും നല്‍കിയ പരാതിയില്‍ സിബിഐ ഡല്‍ഹി ക്രൈം യൂണിറ്റ് എസ്.പി ആര്‍.എം.കൃഷ്ണയുടെയും ഡി.വൈ.എസ്.പി ആര്‍.കെ.അഗര്‍വാളിന്റെയും നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം നടത്തുവാന്‍ സിബിഐ ഡയറക്ടര്‍ വിജയശങ്കരന്‍ ഉത്തരവിട്ടു. ഈ സംഘം പതികളെ ബെംഗളുരുവില്‍ കൊണ്ടുപോയി ഗ്ലൂരില്‍ നാര്‍കോ അനാലിസിസ് പരിശോധനയ്ക്കു വിധേയമാക്കി. ഇതിന്റെ ഫലം
ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയിലായിരുന്നു ഈ ഉത്തരവ്.
2008 നവംബര്‍ ഒന്നിന് സിബിഐ കൊച്ചി യൂണിറ്റ് അന്വേഷണം ഏറ്റെടുത്തു. ഡിവൈ.എസ്.പി നന്ദകുമാര്‍ നായരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. ഈ സംഘം നവംബര്‍ 18-നു ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ 2009 ജൂലായ് 17-ന് കുറ്റപത്രം നല്‍കി. മൂന്നു പ്രതികളും 2011 മാര്‍ച്ച് 16-ന് വിടുതല്‍ ഹര്‍ജി നല്‍കി.
ഈ ഹര്‍ജി സിബിഐ കോടതി പരിഗണിക്കുമ്പോള്‍ പ്രതികള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞു വാദം നെീട്ടിക്കൊണ്ടുപോയത് ഒന്‍പത് വര്‍ഷത്തോളമാണ്. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് 2018 മാര്‍ച്ച് ഏഴിനു തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെവിടാന്‍ കോടതി ഉത്തരവിട്ടു.
ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെവിട്ടതിനെതിരേ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും തള്ളിപ്പോയി. പ്രോസിക്യൂഷനാണ് അപ്പീല്‍ നല്‍കേണ്ടതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഈ ഉത്തരവ്.
ഇതിനിടെ, കേസില്‍ തെളിവ് നശിപ്പിച്ച ക്രൈംബ്രാഞ്ച് എസ്.പി. ആയിരുന്ന കെ.ടി. മൈക്കിള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ തുടരന്വേഷണം നടത്താന്‍ സിബിഐയോട് ഹൈക്കോടതി 2014 മാര്‍ച്ച് 19 ന് ഉത്തരവിടുകയും ചെയ്തു.
കേസില്‍ തുടക്കം മുതല്‍ ഇന്ന് വിധിവന്നതു വരെ ഒരേ ഊര്‍ജത്തോടെ പോരാടിയ വ്യക്തിയാണ് ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. ഇതിനിടെ സഭയുടെ ഭാഗത്തുനിന്ന് പല തവണ അപവാദപ്രചരണവും സമ്മർദവും ഭീഷണിയും നേരിട്ടെങ്കിലും ജോമോന്‍ പിന്നോട്ടുപോയില്ല. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ തന്നെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് ജോമോന്‍ വിചാരണയ്ക്കിടെ തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് 1993 ഡിസംബറില്‍ കോട്ടയത്ത് പൊതുയോഗം നടക്കുന്നതിനിടെ ”അഭയ കേസുമായി മുന്നോട്ടുപോയാല്‍ നിന്നെ ശരിയാക്കുമെന്നും സഭയ്ക്കെതിരെ കളിച്ചവരാരും രക്ഷപെട്ടിട്ടില്ല” എന്നും ഫാ. തോമസ് കോട്ടൂര്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ മൊഴി.