തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസ് പ്രതികളുടെ ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും ജീവപര്യന്തം വിധിച്ചു. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് ശിക്ഷാവിധി. ജസ്റ്റിസ് കെ.സനൽകുമാറാണ് വിധി പുറപ്പെടുവിച്ചത്.
രണ്ട് പേർക്കും ജീവപര്യന്തം. എല്ലാ കുറ്റകൃത്യങ്ങൾക്കുമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ജീവപര്യന്തത്തിനു പുറമേ ഇരുവർക്കും അഞ്ച് ലക്ഷം രൂപ പിഴ. മഠത്തിലേക്ക് അതിക്രമിച്ച് കയറിയ കുറ്റത്തിനു തോമസ് കോട്ടൂർ ഒരു ലക്ഷം രൂപ കൂടി പിഴയടയ്ക്കണം. പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ചാണ് സിബിഐ വിചാരണ കോടതി വിധി പുറപ്പെടുവിച്ചത്. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. കൊലപാതക കേസിലും അതിക്രമിച്ചു കയറിയതിലുമാണ് തോമസ് കോട്ടൂരിന് ജീവപര്യന്തം.
തോമസ് കോട്ടൂരാണ് കേസിൽ ഒന്നാം പ്രതി. കൊലപാതകം, അതിക്രമിച്ചു കടക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കേസുകളാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവയാണ് സിസ്റ്റർ സെഫിക്കെതിരെയുള്ളത്. സെഫി മൂന്നാം പ്രതിയാണ്.
Read Also: അഭയ കൊലക്കേസ്: കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ, നാടകീയ രംഗങ്ങൾ
ഐപിസി 302, 201, 459 എന്നിവയാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഐപിസി 302, 201 എന്നിവയാണ് സിസ്റ്റർ സെഫിക്കെതിരെ ചുമത്തിയിരിക്കുന്നത്. ശിക്ഷാവിധി പുറപ്പെടുവിക്കുമ്പോൾ രണ്ട് പ്രതികളും കോടതിയിലുണ്ടായിരുന്നു.
കേരള ചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവമായ കേസ് എന്നാണ് സിബിഐ വിചാരണ കോടതി നിരീക്ഷിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ശിക്ഷയിൽ ഇളവ് വേണമെന്ന ആവശ്യവുമായി പ്രതികളുടെ അഭിഭാഷകൻ രംഗത്തെത്തി. അർബുദ രോഗിയാണെന്നും പ്രായമുള്ള വ്യക്തിയാണെന്നും അതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നും തോമസ് എം.കോട്ടൂരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. താൻ നിരപരാധിയാണെന്ന് തോമസ് കോട്ടൂർ ജഡ്ജിയോട് പറഞ്ഞു. വാർധക്യത്തിലുള്ള മാതാവിനെയും പിതാവിനെയും നോക്കുന്നത് താനാണെന്നും അവർക്ക് മറ്റാരുമില്ലെന്നും അതിനാൽ ശിക്ഷയിൽ പരമാവധി ഇളവ് വേണമെന്നും സിസ്റ്റർ സെഫിയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു.
സിസ്റ്റർ അഭയ കൊല്ലപ്പെട്ടത് തന്നെയാണെന്നും പ്രതികളായ തോമസ് കോട്ടൂർ, സെഫി എന്നിവർ കുറ്റക്കാർ തന്നെയാണെന്നും ഇന്നലെയാണ് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് ചരിത്രവിധി. വിധി പ്രസ്താവിക്കുന്ന സമയത്ത് പ്രതികളായ തോമസ് കോട്ടൂർ, സെഫി എന്നിവർ തിരുവനന്തപുരം സിബിഐ കോടതിയിലുണ്ടായിരുന്നു.
സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.
2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ടു നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു. ഒന്നാം പ്രതിയായ ഫാ.കോട്ടൂരിന്റെ വാദത്തോടെയാണ് വിചാരണ നടപടികൾ പൂർത്തിയായത്. കേസിൽ താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ ഒന്നാം പ്രതിയാക്കിയതെന്നും ഫാ. കോട്ടൂർ വാദിച്ചിരുന്നു. മൂന്നാം സാക്ഷിയായ അടയ്ക്ക രാജു സംഭവ ദിവസം പുലർച്ചെ പ്രതികളെ കോൺവന്റിൽ വച്ച് കണ്ടു എന്ന മൊഴി വിശ്വാസിക്കരുതെന്നും ഫാ. കോട്ടൂരിന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി വിലയ്ക്കെടുത്തില്ല.
ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി.