കൊച്ചി: അഭയ കേസിൽ വിചാരണ ഏറ്റവും അടുത്ത ദിവസം പുനരാരംഭിക്കാൻ ഹൈക്കോടതി നിർദേശിച്ചു.സംസ്ഥാനത്ത് ഏറ്റവും പഴക്കമുള്ള കേസിന്റെ വിചാരണ തടയാനാവില്ലന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇടവേളകളില്ലാതെ വിചാരണ നടത്താനും ഉത്തരവിട്ടു.
കോവിഡ് പശ്ചാത്തലത്തിൽ വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് പ്രതികളായ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും സമർപ്പിച്ച ഹർജികൾ കോടതി തീർപ്പാക്കി. രണ്ട് ദിവസമായി വിചാരണ കോടതി ഒഴിവാണെന്നും ജീവനക്കാരന് കോവിഡ് ആണന്നും വീഡിയോ കോൺഫറൻസ് വഴി വിചാരണ നടത്തുമ്പോൾ സാങ്കേതിക തടസം ഉണ്ടാവുന്നുണ്ടന്നും ഹർജി ഭാഗം ബോധിപ്പിച്ചു.
Read More: അഭയ കേസ്: വിചാരണ നീട്ടാനാവില്ലെന്ന് സിബിഐ
കോവിഡ് കാലത്ത് വീഡിയോ കോൺഫറൻസിംഗ് അല്ലാതെ മറ്റ് മാർഗമില്ലന്ന് സിബിഐ വിശദീകരിച്ചു.
സാക്ഷികളോ, പ്രതികളോ വരാത്ത സാഹചര്യത്തിൽ വിസ്താരം നിർത്തി വെയ്ക്കാൻ ആവില്ലന്ന് കോടതി വ്യക്തമാക്കി. പ്രതിഭാഗത്തെ മുതിർന്ന അഭിഭാഷകന് ഏതെങ്കിലും സാഹചര്യത്തിൽ നേരിട്ടു ഹാജരാവാൻ കഴിയുന്നില്ലങ്കിൽ വീഡിയോ കോൺഫറൻസിംഗിലൂടെ വിചാരണ നടത്തണം. അഭിഭാഷകനെ സഹായിക്കുന്നതിന് ജുനിയർ അഭിഭാഷകനെ കോടതിയിൽ അനുവദിക്കണം. വീഡിയോ കോൺഫറൻസിംഗിന് മികച്ച സൗകര്യം ഒരുക്കണമെന്നും സാങ്കേതിക തടസമുണ്ടായാൽ അക്കാര്യം
വിചാരണക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തണമെന്നും ഹൈകോടതി നിർദ്ദേശിച്ചു.
അഭയ കേസിൽ വിചാരണ നീട്ടാനാവില്ലെന്ന് കഴിഞ്ഞ ആഴ്ച സിബിഐ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹർജിയെ എതിർത്താണ് സി ബി ഐ ഹൈക്കോടതിയിൽ നിലപാടറിയിച്ചത്. 27 വർഷം പഴക്കം ഉള്ള കേസാണെന്നും ഇനിയും നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും വ്യക്തമാക്കിയ സിബിഐ വീഡിയോ കോൺഫറൻസിങ്ങിലൂടെ വിചാരണയാവാമെന്നും ചെലവ് വഹിക്കാമെന്നും അറിയിച്ചിരുന്നു.
മുതിർന്ന അഭിഭാഷകർക്കു വീഡിയോ കോൺഫറൻസ് വഴി വിചാരണയിൽ പങ്കെടുക്കാമെന്നും സഹായി മാത്രം വിചാരണ കോടതിയിൽ ഉണ്ടായാൽ മതിയെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു. കാലത്തിനൊപ്പം മാറാൻ തയാറാവണമെന്ന് അഭിപ്രായപ്പെട്ട കോടതി വിചാരണ മുന്നോട്ടുപോയല്ലേ തീരൂവെന്നും അന്വേഷണ ഏജൻസി പറഞ്ഞിരുന്നു.
2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു.
എന്നാല്‍, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.