കൊച്ചി: സിസ്റ്റർ അഭയ കേസിൽ സിബിഐ കോടതി വിധിക്കെതിരായ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വിചാരണ കോടതി വിധിക്കെതിരെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് കെ.വിനോദ ചന്ദ്രൻ അധ്യക്ഷനായ ബഞ്ചാണ് പരിഗണിച്ചത്.

വിചാരണ കോടതി വിധി തെളിവുകളും സാക്ഷിമൊഴികളും വസ്തുതാപരമായി വിലയിരുത്തിയുള്ളതല്ലെന്നും കോടതിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. അഭയയുടെ മരണം കൊലപാതകമാണോ മുങ്ങിമരണമാണോ എന്ന് സംശയാതീതമായി തെളിയിക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്നും കേസ് എഴുതിതള്ളണമെന്ന ആവശ്യം കൊലപാതകമാണെന്ന് വ്യക്തമാക്കി കോടതി നിരസിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

Read Also: എന്റെ അഭയം, അത്താണി, ദൈവം

പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടേയും മെഡിക്കൽ റിപ്പോർട്ടുകളുടേയും ആധികാരികത പരിശോധിക്കാതെയാണ് കോടതി ശിക്ഷ വിധിച്ചത്. സംശയമുള്ളവരുടെ പേരുകൾ വേറെയും ഉണ്ടായിരുന്നു. സാക്ഷിമൊഴികളും വിശ്വസനീയമല്ല. അഭയയുടേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മറ്റൊരു ഡോക്ടറുടെ റിപ്പോർട്ടിൽ കോടാലി കൊണ്ട് തലക്കടിച്ച് പരുക്കേൽപ്പിച്ചെന്ന സാധ്യത തള്ളിക്കളഞ്ഞിട്ടുണ്ട്.

ബോധമില്ലാതെ വെള്ളത്തിൽ വീണുള്ള മുങ്ങിമരണമാണെന്നും ആത്മഹത്യയാണോ നരഹത്യയാണോയെന്ന് വ്യക്തമായി തെളിയിക്കാനാവുന്നില്ലെന്നുമാണ് മെഡിക്കൽ സംലത്തിന്റെ റിപ്പോർട്ട്. തെളിവുകൾ പരിശോധിക്കാതെ കോടതി തെറ്റായ നിഗമനത്തിൽ എത്തിയെന്നും ഫാദർ കോട്ടൂർ ബോധിപ്പിച്ചു.

അഭയയെ പ്രതികൾ കോടാലിക്ക് തലയ്ക്ക് പിന്നിൽ അടിച്ച് പരുക്കേൽപ്പിച്ച് കിണറ്റിൽ തള്ളിയെന്ന സിബിഐ റിപ്പോർട്ട് കണക്കിലെടുത്താണ് പ്രതികളെ കോടതി ശിക്ഷിച്ചത്. ഫാദർ കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്. മൂന്നാം പ്രതി സിസ്റ്റർ സെഫി വെള്ളിയാഴ്ച അപ്പീൽ സമർപ്പിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook