തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ ഈ മാസം 22 ന് വിധി. കേസിൽ വിചാരണ പൂർത്തിയായി. തിരുവനന്തപുരം സിബിഐ കോടതിയിലാണ് അഭയ കൊലക്കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ ഒന്നാം പ്രതിയായ ഫാ.കോട്ടൂരിന്റെ വാദത്തോടെയാണ് വിചാരണ നടപടികൾ പൂർത്തിയായത്.
കേസിൽ താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ ഒന്നാം പ്രതിയാക്കിയതെന്നും ഫാദർ കോട്ടൂർ വാദിച്ചു. മൂന്നാം സാക്ഷിയായ അടയ്ക്ക രാജു സംഭവ ദിവസം പുലർച്ചെ പ്രതികളെ കോൺവന്റിൽ വച്ച് കണ്ടു എന്ന മൊഴി വിശ്വാസിക്കരുതെന്നും ഫാദർ കോട്ടൂരിന്റെ അഭിഭാഷകൻ വാദിച്ചു.
കേസിലെ മൂന്നാം പ്രതിയാണ് സിസ്റ്റർ സെഫി. ചൊവ്വാഴ്ചയാണ് ഇവരുടെ വാദം പൂർത്തിയായത്. പ്രതികളുടെ വാദത്തിന് പ്രോസിക്യൂഷൻ ഇന്ന് മറുപടി പറഞ്ഞു. ഇതിന് ശേഷമാണ് കേസ് വിധി പ്രസ്താവത്തിനായി മാറ്റിയത്.
Read Also: പത്ത്, പ്ലസ് ടു ക്ലാസുകൾ ജനുവരി ആദ്യവാരം മുതൽ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നിർണായക യോഗം 17 ന്
2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു.
എന്നാല്‍, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.