കൊച്ചി: അഭയ കേസിൽ വിചാരണ നീട്ടാനാവില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹർജിയെ എതിർത്താണ് സി ബി ഐ ഹൈക്കോടതിയിൽ നിലപാടറിയിച്ചത്. 27 വർഷം പഴക്കം ഉള്ള കേസാണെന്നും ഇനിയും നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും വ്യക്തമാക്കിയ സിബിഐ വീഡിയോ കോൺഫറൻസിങ്ങിലൂടെ വിചാരണയാവാമെന്നും ചെലവ് വഹിക്കാമെന്നും അറിയിച്ചു.

മുതിർന്ന അഭിഭാഷകർക്കു വീഡിയോ കോൺഫറൻസ് വഴി വിചാരണയിൽ പങ്കെടുക്കാമെന്നും സഹായി മാത്രം വിചാരണ കോടതിയിൽ ഉണ്ടായാൽ മതിയെന്നും സിബിഐ ചൂണ്ടിക്കാട്ടി. കാലത്തിനൊപ്പം മാറാൻ തയാറാവണമെന്ന് അഭിപ്രായപ്പെട്ട കോടതി വിചാരണ മുന്നോട്ടുപോയല്ലേ തീരൂവെന്നും പറഞ്ഞു.

കേസ് വിധി പറയാനായി ചൊവ്വാഴ്ചത്തേക്കു മാറ്റി. അതുവരെ വിചാരണ മാറ്റിവയ്ക്കാൻ കോടതി ഉത്തരവിട്ടു. പ്രതികളായ ഫാ. തോമസ് കോട്ടൂർ ,സിസ്റ്റർ സെഫി എന്നിവരാണ് വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു.

എന്നാല്‍, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook