തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെ മുഖ്യസാക്ഷി രാജു തിരിച്ചറിഞ്ഞു. ഓഗസ്റ്റ് 26നാണ് കേസിലെ വിചാരണ ആരംഭിച്ചത്. അഭയ കൊല്ലപ്പെട്ട ദിവസം രാത്രി ഫാദർ തോമസ് കോട്ടൂർ കോൺവന്‍റിന്‍റെ പടികൾ കയറി മുകളിലേക്ക് പോകുന്നത് കണ്ടുവെന്ന് രാജു മൊഴി നൽകി.

മുൻ അന്വേഷണ സംഘത്തിനെതിരായ നിർണ്ണായക വെളിപ്പെടുത്തലും രാജു ഇന്ന് കോടതിയിൽ നടത്തി. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കുറ്റം ഏറ്റെടുക്കാൻ തനിക്ക് രണ്ട് ലക്ഷം രൂപയും, കുടുംബത്തിലുളളവർക്ക് ജോലിയും വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് രാജു കോടതിയിൽ മൊഴി നൽകിയിരിക്കുന്നത്. മോഷ്ടാവായിരുന്ന രാജു മോഷണത്തിനായാണ് അന്ന് കോൺവെന്‍റിൽ എത്തിയതെങ്കിലും അഭയ കേസിൽ ഏറെ നിർണ്ണായകമാണ് രാജുവിന്‍റെ മൊഴി.

Read More: സിസ്റ്റര്‍ അഭയ കേസ്: ഒരു സാക്ഷി കൂടി കൂറുമാറി

2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. ആദ്യ ദിനം തന്നെ ഒരു സാക്ഷി കൂറുമാറിയിരുന്നു. 50-ാം സാക്ഷിയായ സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം കോണ്‍വെന്റിലെ അടുക്കളയില്‍ അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും കണ്ടെന്നായിരുന്നു അനുപമ ആദ്യം നല്‍കിയിരുന്ന മൊഴി. എന്നാല്‍ വിസ്താര വേളയില്‍ താന്‍ ഒന്നും കണ്ടില്ലെന്ന് അനുപമ കോടതിയെ അറിയിച്ചു.

തൊട്ടടുത്ത ദിവസം കേസിലെ നാലാം സാക്ഷിയും കൂറുമാറിയിരുന്നു. സിസ്റ്റര്‍ അഭയ താമസിച്ചിരുന്ന കോണ്‍വെന്റിന് സമീപത്തെ താമസക്കാരനായ സഞ്ജു പി.മാത്യുവാണ് മൊഴിമാറ്റിയത്. ഫാദര്‍ തോമസ് എം.കോട്ടൂരിന്റെ സ്‌കൂട്ടര്‍ കണ്ടിരുന്നുവെന്നായിരുന്നു മൊഴി. എന്നാല്‍ താന്‍ സ്‌കൂട്ടര്‍ കണ്ടില്ലെന്ന് വിചാരണയ്ക്കിടെ സഞ്ജു മൊഴി മാറ്റിപ്പറഞ്ഞു. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്.

വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ ഫാ.തോമസ് എം.കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കോടതിയെ സമീപിച്ചിരുന്നു. തങ്ങള്‍ക്കെതിരെ തെളിവില്ലെന്നും വിടുതല്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയും പ്രതികളുടെ ഹര്‍ജി തള്ളുകയായിരുന്നു. രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ്‌പി കെ.ടി.മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി.

ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.