തിരുവനന്തപുരം: ഇന്ന് വിചാരണ തുടങ്ങിയ സിസ്റ്റർ അഭയ കേസിലെ ഒരു സാക്ഷി കൂറുമാറി. 50ാം സാക്ഷിയായ സിസ്റ്റർ അനുപമയാണ് കൂറുമാറിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം കോണ്‍വെന്റിലെ അടുക്കളയില്‍ അഭയയുടെ ചെരിപ്പും ശിരോവസ്ത്രവും കണ്ടെന്ന് അനുപമ ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് നടന്ന കേസിന്റെ വിസ്താര വേളയില്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് അനുപമ കോടതിയെ അറിയിച്ചു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. 2009 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്.

Read More: സിസ്റ്റർ അഭയ കേസ്: പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

വിചാരണ തടയണം എന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കോടതിയെ സമീപിച്ചിരുന്നു. തങ്ങള്‍ക്കെതിരെ തെളിവില്ലെന്നും വിടുതല്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയും പ്രതികളുടെ ഹർജി തള്ളുകയായിരുന്നു.

രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

സിസ്​റ്റർ അഭയയെ 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്​റ്റർ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നൽകിയിരുന്നു. എന്നാൽ, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്​തനാക്കി.

ലോക്കൽ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.