കൊച്ചി: സിസ്റ്റർ അഭയ കേസിൽ പ്രതികളെ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരുടെ വിസ്താരം ഹൈക്കോടതി വിലക്കി. നാർക്കോ അനാലിസ് ഫലം പ്രതികൾക്കെതിരായ തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിന് ക്രിമിനൽ നടപടിച്ചട്ടത്തിൽ വ്യവസ്ഥയില്ലന്ന് കോടതി ചുണ്ടിക്കാട്ടി.
പ്രതിയെ സ്വയം തെളിവ് നൽകാൻ നിർബന്ധിക്കാനാവില്ലന്നും നിർബന്ധിത തെളിവു ശേഖരണം മൗലീകാവകാശങ്ങളുടെ ലംഘനമാണന്നും കോടതി വ്യക്തമാക്കി. നാർക്കോ പരിശോധന പ്രതികളുടെ സമ്മത്തോടെയാണങ്കിൽ പോലും ഫലം തെളിവായി സ്വീകരിക്കാനാവില്ലന്നും കോടതി ചൂണ്ടിക്കാട്ടി.
ഡോക്ടർമാരെ വിസ്തരിക്കാൻ തിരുവനന്തപുരം സിബിഐ കോടതി അയച്ച നോട്ടീസ് ജസ്റ്റീസ് അലക്സാണ്ടർ തോമസ് റദ്ദാക്കി.
Read More: ജാമിയക്ക് മുന്നില്‍ വീണ്ടും വെടിവയ്പ്; നാല് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം
കേസന്വേഷണത്തിന്റെ ഭാഗമായി വസ്തുതകൾ കണ്ടെത്തുന്നതിനാണ് നാർക്കോ പരിശോധന നടത്തിയതെന്നും പരിശോധനാ ഫലം തെളിവായി സ്വീകരിക്കണമോ എന്ന് വിചാരണക്കോടതി തീരുമാനിക്കാനിരിക്കുന്നതേയുള്ളു എന്ന സിബിഐയുടെ വാദം ഹൈക്കോടതി തള്ളി.
ഡോക്ടർമാരുടെ സാക്ഷി വിസ്താരത്തിനെതിരെ പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവർ നൽകിയ ഹരജികൾ കോടതി അനുവദിച്ചു. വിസ്താരം തടയണമെന്ന പ്രതികളുടെ ആവശ്യം സി.ബി. കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. 2007ൽ നാർകോ അനാലിസിസ് നടത്തിയ ഡോ. എൻ. ക്യഷ്ണവേണി, ഡോ. പ്രവീൺ പർവതപ്പ എന്നിവരെ വിസ്തരിക്കാനാണ് സി.ബി.ഐ കോടതി നോട്ടീസ് അയച്ചത്.
2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിച്ചത്. സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.