തിരുവനന്തപുരം: സിസ്റ്റർ അഭയ കേസില്‍ പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സിബിഐ. സിസ്റ്റർമാരുടെ കോൺവെന്‍റിന് സമീപം പ്രതികൾ വന്നിരുന്നതായി മൊഴികളുണ്ട്. അഭയയെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. പ്രതികളുടെ വിടുതൽ ഹർജി കോടതി പരിഗണിക്കവേയാണ് സിബിഐയുടെ നിലപാട് അറിയിച്ചത്. അന്വേഷണത്തിൽ വീഴ്ചയില്ലെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു.

കോൺവെന്റിന് സമീപത്തെ പള്ളിയിലെ വാച്ചർ ആയിരുന്ന ദാസ് എന്ന ചെല്ലമ്മ ദാസിന്റെ മൊഴി പ്രോസിക്യൂഷൻ കോടതിയിൽ വായിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാദർ തോമസ് എം.കോട്ടൂരും ഫാദർ ജോസ് പുതൃക്കയിലും രാത്രി കാലങ്ങളിൽ ഇരുചക്ര വാഹനത്തിൽ എത്തി കോൺവെന്റിന്റെ മതിൽ ചാടിക്കടക്കുന്നത് കണ്ടിട്ടുണ്ടെന്നായിരുന്നു ദാസിന്റെ മൊഴി. സമാനമായ മൊഴി കോൺവെന്റിനു സമീപത്തെ താമസക്കാരനും നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കുറ്റം ചെയ്യാത്ത തങ്ങളെ കേസിൽ നിന്ന് വിടുതൽ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ ഹർജി ഫയൽ ചെയ്തിരുന്നത്. ഏഴു വർഷത്തിനുശേഷമാണ് കോടതി വിടുതൽ ഹർജിയിൽ വാദം കേൾക്കുന്നത്. ഒന്നാം പ്രതി ഫാദർ തോമസ് എം.കോട്ടൂരിന്‍റെ വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി. മറ്റുള്ള രണ്ട് പ്രതികളുടെ ഹർജികൾ ഈ മാസം 19നും 24നും പരിഗണിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ