തൊടുപുഴ: അടിയന്തിര സാഹചര്യങ്ങളില്‍ അണക്കെട്ടുകള്‍ തുറക്കുന്നതിനു മുന്നോടിയായി ഇനി അപായ സൈറണ്‍ മുഴങ്ങും. ഇടുക്കി ജില്ലയിലെ അണക്കെട്ടുകളില്‍ അപായ സൈറണ്‍ സ്ഥാപിച്ചു. മൂന്ന് അണക്കെട്ടുകളിലാണു സൈറണ്‍ സ്ഥാപിച്ച് ട്രയല്‍ റണ്‍ നടത്തിയത്.
പ്രധാന അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ഇതിനു മുന്നോടിയായി പൊതുജനങ്ങള്‍ക്ക് അറിയിപ്പു നല്‍കുന്നതിനാണ് അപായ സൈറണ്‍ സ്ഥാപിച്ചത്. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ അണക്കെട്ടുകളിലാണ് തുടക്കത്തില്‍ സൈറണുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. അണക്കെട്ടിന്റെ പരിസരത്ത് അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍വരെ സൈറണുകളുടെ ശബ്ദം കേള്‍ക്കാനാവും.
കൊച്ചിന്‍ ഫാക്ടാണ് സൈറണുകള്‍ നിര്‍മിച്ചത്. ഇന്നലെ രാവിലെ എട്ടോടെയാണു ചെറുതോണി അണക്കെട്ടില്‍ സൈറണ്‍ സ്ഥാപിക്കാന്‍ ആരംഭിച്ചത്. ഒന്‍പതു കഴിഞ്ഞപ്പോള്‍ ട്രയല്‍ റണ്‍ നടത്തി. സൈറണ്‍ ട്രയല്‍ റണ്ണിന്റെ സ്വിച്ച് ഓണ്‍ കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ശിവരാമന്‍ നിര്‍വഹിച്ചു.
ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഭാഗത്തോട് ചേര്‍ന്നുള്ള കണ്‍ട്രോള്‍ റൂമിലാണു സൈറണ്‍ സ്ഥാപിച്ചത്.
കഴിഞ്ഞ പ്രളയകാലത്ത് അടിയന്തിരമായി അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍ ഇടുക്കി അണക്കെട്ട് നിര്‍മാണ കാലയളവില്‍ ജോലി സമയം അറിയിക്കാന്‍ മഞ്ചിക്കവലയില്‍ സ്ഥാപിച്ച കെഎസ്ഇബിയുടെ സൈറണില്‍ നിന്നാണ് അപായ സൂചന നല്‍കിയത്. കഴിഞ്ഞ പ്രളയകാലത്ത് മതിയായ മുന്നറിയിപ്പില്ലാതെ ചെറുതോണി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നുവിട്ടുവെന്നാരോപിച്ച് പ്രതിപക്ഷം ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. മുന്നറിയിപ്പില്ലാതെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതാണു പ്രളയത്തിനു കാരണമായതെന്ന തരത്തിലും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
അതേസമയം, ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. മൊത്തം സംഭരണശേഷിയുടെ 75 ശതമാനം വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. 2382.40 അടിയാണ് ഇന്നത്തെ ജലനിരപ്പ്. 2403 അടിയാണ് അണക്കെട്ടിന്റെ മൊത്തം സംഭരണശേഷി.