/indian-express-malayalam/media/media_files/2025/05/29/Qf8GkHIodRygiCAAI1PK.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന മാധ്യമ വാർത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവർ, സ്ഥിരമായി സ്ഥലം മാറിയവർ, ഇരട്ട രജിസ്ട്രേഷൻ, കണ്ടെത്താനാകാത്തവർ എന്നിവർക്ക് പുറമേ “മറ്റുള്ളവർ” എന്ന നിലയിലും വോട്ടർ പട്ടികയിൽ നിന്നും വലിയ തോതിലുള്ള ഒഴിവാക്കൽ നടക്കുന്നുവെന്നതാണ് ആശങ്കയെന്ന് മുഖ്യമന്ത്രി സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.
ആരാണ് ഈ “മറ്റുള്ളവർ” എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനു തന്നെ വ്യക്തതയില്ല. അപാകതകൾ നിറഞ്ഞ പട്ടികയാണ് തയ്യാറാവുന്നത് എന്ന കാര്യത്തിൽ സംശയമില്ല. സാങ്കേതിക കാരണങ്ങളാൽ റദ്ദ് ചെയ്യപ്പെടേണ്ടതല്ല സമ്മതിദാനാവകാശം. അത് ജനാധിപത്യ സമൂഹത്തിൽ പ്രായപൂർത്തിയായ പൗരന് ഉറപ്പാക്കേണ്ട അവകാശമാണ്. അത് നിഷേധിക്കുന്നത് ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്നതിനു തുല്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read: ശബരിമല സ്വർണക്കൊള്ള; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും അറസ്റ്റിൽ
"കേരളത്തിൽ ഇതിനു മുൻപ് എസ്ഐആർ പ്രക്രിയ നടന്നത് 2002- ലാണ്. അന്ന് 18 വയസ്സിൽ താഴെയുള്ളവർക്കാകെ (അതായത് ഇന്ന് 40 വയസ്സിനു താഴെയുള്ളവർ) വോട്ടർ പട്ടികയിൽ ഇടംനേടാൻ തങ്ങളുടെ ബന്ധുത്വം തെളിയിക്കേണ്ട നിലയാണ്. ഇത് പൂർത്തിയാകാത്തതിനാൽ ഒരു ജില്ലയിൽ ഏകദേശം 2 ലക്ഷം പേർ എന്ന കണക്കിൽ നിലവിൽ വോട്ടർ പട്ടികയിൽ അർഹത നേടാത്ത സ്ഥിതിയുണ്ട് എന്നുവേണം ലഭ്യമായ വിവരങ്ങൾ പ്രകാരം മനസ്സിലാക്കാൻ.
വേണ്ടത്ര സുതാര്യതയില്ലാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ നടപടിയാകെ നടപ്പിലാക്കിയത്. ദീർഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ വോട്ടർ പട്ടിക പരിഷ്കരണം അനാവശ്യ തിടുക്കത്തോടെ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ തന്നെ നടത്തിയ തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണ് നിലവിലെ സാഹചര്യത്തിന് ഉത്തരവാദി. ബിഎൽഓമാരെ തിടുക്കത്തിലാക്കി സമ്മർദ്ദത്തിലാക്കുന്ന ഈ നടപടി പുനരാലോചിക്കണമെന്ന് സർക്കാരും രാഷ്ട്രീയ പാർടി പ്രതിനിധികളും അന്നു തന്നെ ആവശ്യപ്പെട്ടതാണ്. എന്നാൽ ഇത് അംഗീകരിക്കാതെയാണ് കമ്മീഷൻ തുടർ നടപടികളുമായി മുന്നോട്ടു പോയത്.
Also Read: സർക്കാരിന് തിരിച്ചടി; എലപ്പുള്ളി ബ്രുവറിയ്ക്കുള്ള അനുമതി റദ്ദാക്കി ഹൈക്കോടതി
2025 സെപ്തംബറിൽ നടന്ന സ്പെഷ്യൽ സമ്മറി റിവിഷനിൽ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്ന അർഹതയുള്ള ഒരു വോട്ടർ പോലും എസ്ഐആർ പ്രകാരം പുതുക്കിയ പട്ടികയിൽ നിന്നും പുറന്തള്ളപ്പെടില്ല എന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തണം. രാഷ്ട്രീയ പാർടികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാവുന്ന രീതിയിൽ എസ്ഐആർ സംബന്ധിച്ച വിവരങ്ങൾ സുതാര്യമാക്കി വെബ്സൈറ്റിൽ ലഭ്യമാക്കണം.
സംസ്ഥാനത്തെ അർഹരായ വോട്ടർമാരിൽ അവസാനത്തെ ആളെവരെ വോട്ടർ പട്ടികയിൽ ഉൾപ്പടുത്തുന്നതിനുള്ള നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണം. അതിനുവേണ്ടി എല്ലാ നടപടിയും സംസ്ഥാന സർക്കാർ സ്വീകരിക്കും. ഇതിന്റെ ഭാഗമായാണ് സുപ്രീം കോടതിയിൽ കേരള സർക്കാർ കേസ് ഫയൽ ചെയ്തത്. സുപ്രീം കോടതി തന്നെ വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകൾ ഗൗരവമായെടുക്കുകയും സംസ്ഥാന സർക്കാർ ഉന്നയിച്ച ആശങ്കകൾക്ക് പരിഹാരമുണ്ടാകണം എന്നും നിർദ്ദേശിച്ചിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെയുള്ള നടപടികൾ പുന:പരിശോധിക്കുകയും അനാവശ്യ തിടുക്കം ഒഴിവാക്കുകയും വേണമെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വോട്ടർ പട്ടികയിൽ നിന്നും പുറന്തള്ളുകയല്ല വേണ്ടത്, ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അർഹരായ എല്ലാവരെയും ഉൾക്കൊള്ളുക എന്നതാവണം തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക പരിഷ്കാരത്തിന്റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read More: സർക്കാർ നിലപാടിൽ മാറ്റം; പാരഡി പാട്ടിൽ കൂടുതൽ കേസ് വേണ്ടെന്ന് നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us