scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

സംസ്ഥാനം നിരോധിച്ചത് 15, കേന്ദ്രം നിരോധിച്ചത് ആറ്; ഇന്നു മുതൽ പ്ലാസ്റ്റിക് നിരോധനം

സംസ്ഥാനം രണ്ട് വർഷം മുമ്പ് നിരോധിച്ച 15 പ്ലാസ്റ്റിക് വസ്തുക്കളും കേന്ദ്രം നടപ്പാക്കുന്ന നിരോധനത്തിൽ ഉൾപ്പെടുന്ന ആറ് വസ്തുക്കളും ഉൾപ്പടെ സംസ്ഥാനത്ത് നിരോധനത്തിൽ വരുന്നത് 21പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ

Plastic Ban, Plastic

തിരുവനന്തപുരം: ജൂലൈ ഒന്ന് മുതൽ രാജ്യത്തെമ്പാടും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കുകയാണ്. ദേശീയ തലത്തിൽ ആറ് ഇനം വസ്തുക്കൾക്ക് നിരോധനം വരുമ്പോൾ സംസ്ഥാനത്ത് നിരോധിക്കപ്പെടുന്ന വസ്തുക്കളുടെ 21 ആകും. കേന്ദ്രം നടപ്പാക്കുന്ന നിയമപ്രകാരം പത്ത് വർഷം നിരോധനം ബാധകമായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.

ദേശീയ തലത്തിൽ കേന്ദ്ര സർക്കാർ ഈ ജൂലൈ മുതലാണ് ഒറ്റത്തവണ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ നിരോധനം നടപ്പിലാക്കുന്നതെങ്കിൽ സംസ്ഥാനത്ത് 2020 ജനുവരി ഒന്ന് മുതൽ നിരോധനം നടപ്പിലാക്കിയിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പടെ 15 വിഭാഗത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗമാണ് രണ്ടര വർഷം മുമ്പ് കേരളം നിരോധിച്ചത്.

കേരളത്തിൽ നിരോധിച്ച 15 വസ്തുക്കൾക്ക് പുറമെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പട്ടികയിൽ ഉൾപെട്ട ആറ് വിഭാഗത്തിലുള്ള പ്ലാസ്റ്റിക്ക് വസ്തുക്കൾ കൂടിയാണ് വെള്ളിയാഴ്ച മുതൽ നിരോധനമേർപ്പെടുത്തുന്നവയിൽ ഉൾപ്പെടുന്നത്.

കോവിഡ് വ്യാപനവും രാജ്യവ്യാപക ലോക്ക് ഡൗണുമൊക്കെ നിലവിൽ വന്നതോടെ പ്ലാസ്റ്റിക് ഉപയോഗ നിരോധനം പ്രാബല്യത്തിൽ വരുത്തുന്നതിന് പലവിധത്തിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായി. അതോടെ സംസ്ഥാനത്തെ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് കർശന നടപടികളിൽ അയവ് വന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് മാത്രമേ ആഹാര സാധനങ്ങളുൾപ്പടെ വിതരണം ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന അവസ്ഥയുണ്ടായപ്പോൾ നിരോധനം നടപ്പിലാക്കുന്നതിൽ അയവുണ്ടായി. എന്നാൽ, ഈ കാര്യത്തിൽ വീണ്ടും പഴയതുപോലെ നിയന്ത്രണം കർശനമാക്കുകയാണെന്ന് ഹരിത കേരളാ മിഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇനി മുതൽ പരിശോധന കർശനമാക്കുമെന്നും നിരോധനം ലംഘിക്കുന്നവരിൽ നിന്നും ഹരിത ചട്ടപ്രകാരമുള്ള പിഴ ഈടാക്കുമെന്നും വ്യക്തമാക്കിയിരിന്നു.

കേന്ദ്ര മലീകരണ നിയന്ത്രണ ബോർഡ് 75 മൈക്രോണിന് മുകളിലുള്ള ക്യാരി ബാഗുകൾ 2022 ഡിസംബർ വരെ ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് 2020 ലെ ഉത്തരവിൽ വ്യക്തമാക്കിയതനുസരിച്ച് എല്ലാത്തരം ക്യാരി ബാഗുകൾക്കുള്ള നിരോധനം ബാധകമായിരിക്കും.

സംസ്ഥാനത്ത് 2000 ജനുവരി മുതൽ നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ:

1)പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ, 2) നോൺ വുവൺ ബാഗുകൾ (നൂറ് ശതമാനം പോളിപ്രൊപൊലിൻ ആയവ ആയതിനാൽ പുനരുപയോഗത്തിന് സാധിക്കില്ല), 3) പ്ലാസ്റ്റിക് കൊടികൾ, 4)പ്ലാസ്റ്റിക് ബണ്ടിങ്ങ്, 5) 500 എം എല്ലിന് താഴെയുള്ള കുടിവെള്ള പെറ്റ് ബോട്ടിലുകൾ, 6)എല്ലാ കനത്തിലുമുള്ള ക്യാരി ബാഗുകൾ, 7) പ്ലാസ്റ്റിക്ക് കോട്ടിങ്ങ് ഉള്ള പേപ്പർ കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ, പേപ്പർ ബൗളുകൾ, പേപ്പർ ബാഗുകൾ, 8)പ്ലാസ്റ്റിക്/ പ്ലാസ്റ്റിക് കോട്ടിങ്ങുള്ള ഇല കൊണ്ടുള്ള പ്ലേറ്റുകൾ, 9)വഴിയോരങ്ങളിലും കടകളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പായ്ക്കറ്റുകൾ, 10) പ്ലാസ്റ്റിക്ക് തൈ ബാഗുകൾ, 11)പ്ലാസ്റ്റിക്ക് ഷീറ്റുകൾ (മേശവിരി- ആഘോഷവുമായി ബന്ധപെട്ട ചടങ്ങുകളിൽ മേശകളിൽ വിരിക്കുന്ന പേപ്പർ പോലെ വിലകുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റ്), 12) പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകൾ, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റുകൾ, 13) തെർമോക്കോൾ, സ്ലൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാര വസ്തുക്കൾ, 14) പി വി സി ഫ്ലക്സ് മെറ്റീരിയലുകൾ, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പോളിസ്റ്റർ, നൈലോൺ, കൊറിയൻ തുണികൾ, 15) ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂൺ, ഫോർക്കുകൾ, സ്ട്രോകൾ, ഡിപ്പുകൾ, സ്റ്റിറർ.

കേരളത്തിൽ നിരോധിച്ചതിന് പുറമെ കേന്ദ്രം നിരോധിച്ചവ:

1) മിഠായി കോലുകൾ, 2) ഇയർബഡുകൾ, 3)ഐസ്ക്രീം സ്റ്റിക്കുകൾ, 4) ബലൂണിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പിടികൾ, 5) മധുരങ്ങൾ പൊതിയുന്ന പ്ലാസ്റ്റിക് 6) ക്ഷണക്കത്ത്, സിഗരറ്റ് എന്നിവപൊതിയുന്ന പ്ലാസ്റ്റിക്.

2021 സെപ്റ്റംബർ 30 മുതൽ എഴുപത്തിയഞ്ച് മൈക്രോണിൽ താഴെ കനം ഉള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെയും 2022 ഡിസംബർ 31 മുതൽ 120 മൈക്രോണിൽ താഴെയുള്ള ക്യാരി ബാഗുകളുടെയും നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ 2021-ലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഭേദഗതി നിയമം വഴി കേന്ദ്രം നിരോധിച്ചിട്ടുണ്ട് .

അതേസമയം നേരത്തെ പാക്ക് ചെയ്ത് വെച്ച അരി പലവ്യഞ്ജന സാധനങ്ങൾ വരുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനമില്ല. ഹോട്ടലുകളിൽ ഭക്ഷണം പാക്ക് ചെയ്ത് നൽകുന്ന മെറ്റലൈസ്ഡ് കവറുകൾക്കും നിരോധനം ബാധകമല്ല.

Also Read: ജൂലൈ ഒന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം; പടിക്ക് പുറത്താവുന്ന ഉൽപ്പന്നങ്ങൾ ഇവ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Single use plastic ban in india from july 1