കൊച്ചി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിര്‍ത്ത് ഗായകന്‍ യേശുദാസ്. ശബരിമലയിലെത്തുന്ന അയ്യപ്പന്‍മാര്‍ക്ക് സ്ത്രീകളെ കണ്ടാല്‍ മനസ്സിന് ചാഞ്ചല്യമുണ്ടാകുമെന്ന് യേശുദാസ് പറഞ്ഞു. ചെന്നൈയില്‍ ഒരു സംഗീത പരിപാടിക്ക് എത്തിയപ്പോഴായിരുന്നു പ്രതികരണം. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

“അമ്പത് വയസ്സിനു താഴെയുള്ള സ്ത്രീകള്‍ ശബരിമലയിലേക്ക് പോകരുതെന്നാണ് നമ്മള്‍ പറയുന്നത്. അങ്ങനെ പോയാല്‍ തന്നെ അയ്യപ്പന്‍ അവരെ കണ്ണു തുറന്നു നോക്കുകയൊന്നുമില്ല. എന്നാല്‍, ശബരിമലയിലെത്തുന്ന അയ്യപ്പന്‍മാര്‍ ആ സ്ത്രീകളെ കാണും. അപ്പോള്‍ അവരുടെ മനസ്സിന് ചാഞ്ചല്യമുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് സ്ത്രീകള്‍ ശബരിമലയില്‍ പോകരുതെന്ന് പറയുന്നത്. സ്ത്രീകള്‍ക്ക് പോകാന്‍ ഇവിടെ വേറെ പല ക്ഷേത്രങ്ങളും ഉണ്ടല്ലോ? അവിടെ പോയാല്‍ പോരെ?” യേശുദാസ് പറഞ്ഞു.

Read Also: രണ്ട് ഭാഷകൾ, രണ്ട് ചിത്രങ്ങൾ, രണ്ട് പുരസ്കാരങ്ങൾ; നേട്ടങ്ങളുടെ നെറുകയിൽ മഞ്ജു വാര്യർ

2018 സെപ്റ്റംബർ 28 നാണ് ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി പുറത്തുവന്നത്. അതിനുശേഷം, കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധങ്ങളും അക്രമ സംഭവങ്ങളും നടന്നു. ശബരിമലയിലെത്തിയ സ്ത്രീകൾക്കു നേരെ കയ്യേറ്റശ്രമം ഉണ്ടാകുകയും ചെയ്തു. പിന്നീട്, നിരവധി പുനഃപരിശോധനാ ഹർജികളാണ് സുപ്രീം കോടതിയിൽ എത്തിയത്. വിശ്വാസ സംബന്ധമായ വിഷയങ്ങളിൽ തീരുമാനമെടുത്ത ശേഷം പുനഃപരിശോധനാ ഹർജികളിൽ വിധി പറയാമെന്നാണ് ഇപ്പോൾ സുപ്രീം കോടതിയുടെ നിലപാട്. എന്നാൽ, യുവതീപ്രവേശം അനുവദിച്ചുള്ള വിധിക്ക് സുപ്രീം കോടതി സ്റ്റേ ഏർപ്പെടുത്തിയിട്ടുമില്ല.

Read Also: സ്ത്രീശരീരത്തില്‍ ജി-സ്‌‌പോ‌ട്ട് (G-spot) എവിടെ?; ഏറ്റവും കൂടുതല്‍ തിരഞ്ഞ ചോദ്യം

അതേസമയം, യുവതീപ്രവേശം അനുവദിച്ചുള്ള വിധി അന്തിമമല്ലെന്നാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ നിലപാട്. 2018 ലെ വിധി അന്തിമവാക്ക് അല്ലെന്നും വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടില്ലേയെന്നുമാണ് ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.