തിരുവനന്തപുരം: ശ്രീപദ്മനാഭനെ തൊഴാൻ ഗാനഗന്ധർവ്വൻ യേശുദാസ‌ിന് അനുമതി ലഭിച്ചു. വിജയദശമി ദിനമായ 30ന് യേശുദാസിന് ക്ഷേത്രദർശനം നടത്താൻ ഇന്ന് ചേർന്ന ഭരണസമിതിയാണ് അനുമതി കൊടുത്തത്. ക്ഷേത്ര പ്രവേശനത്തിനായി പ്രത്യേക ദൂതൻ വഴി യേശുദാസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം. മുകാംബിക, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലെ സ്ഥിരം സന്ദര്‍ശകനായ യേശുദാസിന്റെ കാര്യത്തില്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉദാര സമീപനമാണ് സ്വീകരിച്ചത്.

എക്സിക്യൂട്ടിവ് ഓഫീസർ വി. രതീഷ് കത്ത് ക്ഷേത്രം ഭരണസമിതിക്ക് മുന്നിൽ വച്ചു. ക്ഷേത്രാചാരങ്ങൾ പാലിക്കുന്ന ഹിന്ദുമത വിശ്വാസിയാണെന്ന് എഴുതിക്കൊടുക്കുകയും, ഹിന്ദുമത വിശ്വാസിയാണെന്ന മറ്റൊരാളുടെ സാക്ഷ്യപത്രം കാണിക്കുകയും ചെയ്താൽ ക്ഷേത്ര പ്രവേശനമാവാമെന്നാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കീഴ്‌വഴക്കം. യേശുദാസായതിനാൽ മറ്റൊരാളുടെ സാക്ഷ്യപത്രം ആവശ്യമില്ല. ഹിന്ദുമത വിശ്വാസിയാണെന്ന് എഴുതി നൽകിയാൽ മാത്രം മതിയെന്നായിരുന്നു ഭരണസമിതിയുടെ തീരുമാനം. യേശുദാസ് അങ്ങനെ എഴുതി നൽകിയതോടെ അദ്ദേഹത്തിന് ക്ഷേത്ര പ്രവേശനത്തിന് അനുമതിയായി.

1952ലെ ദേവസം ബോർഡ് ഉത്തരവു പ്രകാരം, അന്യമതത്തിൽ ജനിച്ച ഭക്തർക്ക് ബോർഡിന്റെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ ഹിന്ദുമത വിശ്വാസിയാണെന്ന് എഴുതി നൽകിയാൽ മാത്രം മതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.