തിരുവനന്തപുരം: കിളിമാനൂരിൽ റേഡിയോ ജോക്കിയെ വെട്ടിക്കൊന്ന കൊലയാളി സംഘം സഞ്ചരിച്ചിരുന്നതെന്ന് കരുതുന്ന കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊലപാതകം നടന്ന സ്ഥലത്തേക്ക് കാർ വരുന്നതും പോകുന്നതുമായ ദൃശ്യങ്ങളാണ് ഉളളത്. രാജേഷിന്റെ സ്റ്റുഡിയോ പ്രവർത്തിച്ചിരുന്ന ജംങ്ഷനിലൂടെ പല തവണ കാർ കടന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, കാറിന്റെ നമ്പർ വ്യക്തമല്ല.

കേസ് അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട രാജേഷിന്റെ വിദേശത്തുളള പെൺ സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഖത്തറിലുളള സ്ത്രീയുമായി രാജേഷ് നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാജേഷ് ആക്രമിക്കപ്പെടുന്ന സമയത്തും സ്ത്രീയുമായി ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. ഈ സ്ത്രീ ഉടൻ നാട്ടിലുള്ള സുഹൃത്തിനെ വിവരം അറിയിച്ചതിനെത്തുടർന്ന് അദ്ദേഹമാണു പൊലീസിനെ വിവരമറിയിച്ചത്.


(വീഡിയോ കടപ്പാട്: മനോരമ ന്യൂസ്)

കിളിമാനൂർ മടവൂരിലെ ‘നൊസ്റ്റാൾജിയ’ നാടൻപാട്ട് സംഘാംഗവും ഗാന സംവിധായകനുമായ രാജേഷ് കുമാറിനെ (34) സ്വന്തം സ്റ്റുഡിയോയിൽ കയറിയാണ് അക്രമിസംഘം വെട്ടിക്കൊന്നത്. ചൊവ്വാഴ്ച പുലർച്ചെ 2.30ന് ആയിരുന്നു കൊലപാതകം. മടവൂർ ജംക്‌ഷനിൽ സ്വന്തം ഉടമസ്ഥതയിലുള്ള ‘മെട്രാസ് റിക്കോർഡിങ് സ്റ്റുഡിയോയിലാണു രാജേഷ് കൊല്ലപ്പെട്ടത്. കയ്യിലും കാലിലുമായി പതിനഞ്ചു വെട്ടുകളാണ് ഉണ്ടായിരുന്നത്. രക്തം വാർന്നാണു മരണം. ചുവന്ന കാറിലെത്തിയ നാലംഗ ക്വട്ടേഷൻ സംഘമാണു കൊലപാതകത്തിനു പിന്നിലെന്നു പൊലീസ് വ്യക്തമാക്കി.

പത്തു വർഷത്തോളം ‘റെഡ് എഫ്എമ്മി’ലെ റേഡിയോ ജോക്കിയായിരുന്നു. ഒരു വർഷത്തിനു മുൻപ് ഖത്തറിൽ പോയിരുന്നു. പത്തുമാസത്തിനുശേഷം തിരികെ നാട്ടിലത്തി. നാട്ടിൽ വന്നശേഷമാണു നാടൻപാട്ട് സംഘത്തിൽ ചേർന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ