കൊച്ചി: എസ്എഫ്ഐയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് സൈമൺ ബ്രിട്ടോ. 1983 ഒക്ടോബര്‍ 14 ന് മഹാരാജാസ് കോളേജിലെ കെഎസ്‌എയുക്കാരുടെ മര്‍ദ്ദനമേറ്റ് എറണാംകുളം ജനറല്‍ ആശുപത്രിയില്‍ ആയിരുന്ന പ്രവര്‍ത്തകരെ കാണാന്‍ എത്തിയപ്പോഴായിരുന്നു എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് ആയിരുന്ന സൈമണ്‍ ബ്രിട്ടോയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. പുറകിൽനിന്ന് സൈമൺ ബ്രിട്ടോയെ കുത്തുകയായിരുന്നു. ഈ ആക്രണത്തോടെ സൈമൺ ബ്രിട്ടോയുടെ അരയ്‌ക്ക്‌ താഴെ സ്വാധീനം നഷ്‌ടപ്പെട്ടു.

സൈമൺ ബ്രിട്ടോ ഇന്ത്യയൊട്ടാകെ യാത്ര ചെയ്‌ത് തിരികെ വന്നപ്പോൾ ആ അനുഭവങ്ങൾ എഴുതാൻ അദ്ദേഹത്തിന് ഒരാളെ വേണമായിരുന്നു. ആദ്യം അതിന് ചുമതലപ്പെട്ടയാൾ ഇന്ന് രാഷ്ട്രീയ എതിരാളികളുടെ കുത്തേറ്റ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുകയാണ്. രണ്ടാമതായി ചുമതലയേറ്റയാൾ ഇന്നില്ല. ഇന്നലെ രാത്രി ഹൃദയത്തിലേക്ക് ആഴ്‌ന്ന ഒരു കത്തിമുനയിൽ എതിരാളികൾ അവന്റെ ജീവനെടുത്തു.

“അവൻ ഒരു നിരപരാധിയാണ്. സംഘടനയ്‌ക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്നവൻ. തല്ലാനോ, കൊല്ലാനോ വെട്ടാനോ പോകാത്തവൻ. അവനെ ലക്ഷ്യം വച്ച് കൊലപ്പെടുത്തിയതാണ്,” സൈമൺ ബ്രിട്ടോ പറഞ്ഞു.

“ആദ്യം അവനെ ഇടിക്കട്ട കൊണ്ട് ഇടിക്കുകയാണ്. വേറെയും കുട്ടികളുണ്ടായിരുന്നു. ആ കൂട്ടത്തിൽ നിന്നാണ് അവനെ ഇടിക്കുന്നത്. അതായത് അവർ അഭിമന്യുവിനെ ഫോക്കസ് ചെയ്‌തതാണെന്ന് വ്യക്തം. ഇടിക്കട്ട കൊണ്ട് ഇടിച്ചിട്ടിട്ടാണ് അഭിമന്യുവിനെ കുത്തുന്നത്. അടുത്ത് നിന്ന അർജുനെയും കുത്തുന്നു. ശേഷം കത്തി വീശുന്നു. അപ്പോൾ അവർ ചിതറിപ്പോകും. കുട്ടികൾ ഇവിടെ നിന്ന് പോയിക്കഴിഞ്ഞ ശേഷമാണ് മൂന്ന് പേരെ പിടിക്കുന്നത്. ചിലപ്പോൾ അത് കേസിന് വേണ്ടിയാകാം,” ബ്രിട്ടോ സംശയം ഉന്നയിച്ചു.

“ഇതിൽ നിയമത്തിന്റെ ബുദ്ധി അവർ ഉപയോഗിച്ചിട്ടുണ്ട്. അല്ലെങ്കിൽ നിങ്ങളൊന്ന് നോക്കിയേ. ഒരു തർക്കം ഉണ്ടാകുമ്പോൾ ക്യാംപസിൽ പഠിക്കുന്നവർ ആ കൂട്ടത്തിൽ വേണ്ടേ? അവരുടെ കൂട്ടത്തിൽ അങ്ങിനെ ആരും ഇല്ലല്ലോ,” സൈമൺ ബ്രിട്ടോ പറഞ്ഞു.

“എന്റെ വീട്ടിൽ വന്ന് അവൻ നിൽക്കുമായിരുന്നു, മൂന്ന് ദിവസമൊക്കെ. എന്റെ ഇന്ത്യ യാത്രയെ കുറിച്ചുളള ഭാഷാപോഷിണിയിലേക്കുളള എഴുത്ത് അവനായിരുന്നു ചെയ്‌തത്. നീല മഷിയിൽ വലിയ അക്ഷരത്തിൽ വേഗത്തിൽ അവനെഴുതും. അതിന് മുൻപ് ഇന്ന് വെന്റിലേറ്ററിൽ കിടക്കുന്ന അർജുനാണ് എനിക്ക് എഴുതാൻ വന്നത്. അവന് ഞാൻ പറയുന്ന അത്രയും വേഗത്തിൽ എഴുതാനാവില്ലായിരുന്നു. അങ്ങിനെയാണ് അഭിമന്യു എന്റെ അടുത്തേക്ക് വരുന്നത്.”

“ആരോടും  പെട്ടെന്ന് ഇണങ്ങിച്ചേരുകയും കുടുംബാംഗമായി കഴിയുകയും ചെയ്യും. ബുദ്ധിയുളള പയ്യനായിരുന്നു.  അഭിമന്യുവിനെ കൊന്നതിലൂടെ ക്യാംപസിലെ വിദ്യാർത്ഥികളെ ഭയപ്പെടുത്തുകയാണ്. അതൊരു ഫാസിസ്റ്റ് അക്രമമാണ്. ചെറുപ്പക്കാരായ കുട്ടികളെയാണ് ഈ തീവ്രവാദ സംഘടനകൾക്ക് ചാവേറുകളായി വേണ്ടത്. അവരെ ഭയപ്പെടുത്തി അതിൽ ബുദ്ധിയും വിവരവും ധൈര്യവും ഉളള കുട്ടികളെ തങ്ങളുടെ കരുക്കളാക്കുകയാണ്,” ബ്രിട്ടോ പറഞ്ഞു.

“വാതോരാതെ സംസാരിക്കുമായിരുന്നു. ഇടയ്‌ക്ക് ഞാൻ പോടാന്നൊക്കെ പറയും. അത്രയും നല്ല സൗഹൃദമായിരുന്നു. എന്റെ എല്ലാ കാര്യവും അവൻ ഏറ്റെടുത്ത് ചെയ്യുമായിരുന്നു. ഇടക്ക് ഞാൻ മുണ്ടിൽ മൂത്രമൊഴിച്ചാൽ അവനത് കഴുകി തരുമായിരുന്നു. എന്നെ കുളിപ്പിക്കുമായിരുന്നു. അന്ന് ഞാൻ അവനോട് പറഞ്ഞതാണ്, എടാ നീ അഭിമന്യുവാണ്. ചക്രവ്യൂഹം ഭേദിക്കാൻ നിനക്ക് പറ്റും. തിരിച്ച് പുറത്തിറങ്ങാൻ നിനക്ക് പറ്റില്ല. സൂക്ഷിക്കണം എന്ന്,” സൈമൺ ബ്രിട്ടോ പറഞ്ഞു.

“അവന്റെ രീതിയനുസരിച്ച് പെടുന്നൊരു സ്വഭാവക്കാരനാണ്. ഒഴിഞ്ഞുമാറാനോ, ആളുകളെ അളക്കാനോ അവനറിഞ്ഞുകൂട.   അതുകൊണ്ടാണ് അവൻ ഇരയാക്കപ്പെട്ടത്.” ബ്രിട്ടോ ചൂണ്ടിക്കാട്ടി.

“ക്യാംപസിലേക്ക് പുറത്ത് നിന്നുളളവർ വരുന്നു. അവർ ക്രിമിനലുകളാണ്. അതിനർത്ഥം ഈ സമൂഹത്തിൽ അവർ കടന്നിരിക്കുന്നുവെന്നും അവരുടെ ലക്ഷ്യം വിദ്യാലയങ്ങളും ചെറുപ്പക്കാരുമാണെന്നാണ്. ”

“കേരളീയ സമൂഹം മാറ്റത്തിന്റതാണ്. ഇത്തരം പുഴുക്കുത്തുകളെ കേരളം പുറന്തളളണം. അവർക്ക് ഇവിടെ ക്യാംപസ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണ് വേണ്ടത്. അങ്ങിനെ വന്നാൽ കലാലയങ്ങൾ അരാഷ്ട്രീയവത്കരിച്ച് വർഗ്ഗീയത കയറ്റാൻ അവർക്ക് സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.