തൃശ്ശൂർ: സിപിഎം നേതാവും കേരള നിയമസഭയിലെ മുൻ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയുമായിരുന്ന സൈമൺ ബ്രിട്ടോയ്ക്ക് ആദരാഞ്ജലികള്‍. സൈമൺ ബ്രിട്ടോയുടെ സംസ്കാര ചടങ്ങുകള്‍ നാളെ കൊച്ചിയില്‍ നടക്കും. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയായിരുന്നു മരണം. ക്യാമ്പസ് അക്രമരാഷ്ട്രീയത്തിന്റെ ഇരയായ സൈമൺ ബ്രിട്ടോ 1983ൽ നട്ടെല്ലിന് ഏറ്റ കുത്തിനെ തുടർന്ന് വീൽ ചെയറിലായിരുന്നു ജീവിതം.

Read Also: ശ്രദ്ധിക്കണമെന്ന് പലവട്ടം പറഞ്ഞതാണ്: അഭിമന്യുവിനെ കുറിച്ച് സൈമൺ ബ്രിട്ടോ

എസ്എഫ്ഐ സംസ്ഥാന നേതാവായി പ്രവർത്തിക്കവേയാണ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേ തുടർന്ന് അരയ്ക്ക് താഴോട്ട് തളർന്നെങ്കിലും രാഷ്ട്രീയത്തിൽ സജീവമായിരുന്നു സൈമൺ ബ്രിട്ടോ. എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 2006 മുതൽ 2011 വരെ കേരള നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി. സൈമൺ ബ്രിട്ടോയുടെ നിര്യാണത്തിൽ സിപിഎം അനുശോചനം രേഖപ്പെടുത്തി. വിപ്ലവകാരിയുടെ നഷ്ടമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

1954 മാർച്ച് 27ന് കൊച്ചിക്കടുത്തുള്ള പോഞ്ഞിക്കര ദ്വീപിൽ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഐറിൻ റോഡ്രിഗ്സിന്റെയും മകനായി ജനിച്ച സൈമൺ ബ്രിട്ടോ, പച്ചാളം സെന്റ്‌ ജോസഫ്‌ എച്ച്‌എസ്‌ സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. എറണാകുളം സെന്റ്‌ ആൽബർട്ട്‌സ്‌ കോളേജ്‌, ബിഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു ഉപരി പഠനം.

കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് കൗൺസിൽ സെക്രട്ടറി എന്നീ നിലകളിലും സൈമൺ ബ്രിട്ടോ പ്രവർത്തിച്ചു. സീന ഭാസ്കറാണ് ഭാര്യ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.