കൊച്ചി: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ വ്യക്തത വേണമെന്നും എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും ഭാര്യ സീന ഭാസ്കർ. സൈമൺ ബ്രിട്ടോയുടെ മരണം രേഖപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റിൽ അദ്ദേഹം ഹൃദ്രോഗിയാണെന്നാണ് പറയുന്നത്. അത് തെറ്റാണെന്നും സീന പറയുന്നു.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ബ്രിട്ടോ ഹൃദ്രോഗിയാണെന്നാണ് പറയുന്നത്. ഈ വിവരം തെറ്റാണെന്നും ബ്രിട്ടോയ്ക്ക് ഹൃദയ സംബന്ധമായ യാതൊരു അസുഖവും ഉണ്ടായില്ലെന്നും സീന പറഞ്ഞു. ഹൃദയ സംബന്ധമായ അസുഖങ്ങളില്ലാത്തൊരാൾ പെട്ടെന്ന് ഒരു ദിവസം എങ്ങിനെ ഹൃദ്രോഗിയായെന്ന് അറിയില്ലെന്നും, മെഡിക്കൽ സർട്ടിഫിക്കറ്റിലെ വയസ് തെറ്റാണെന്നും സീന ആരോപിക്കുന്നു.

യാത്രയ്ക്കിടെയാണ് ബ്രിട്ടോയ്ക്ക് അസ്വസ്ഥത ഉണ്ടായത്. രാവിലെ മുതൽ അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും ശ്വാസംമുട്ടൽ അനുഭവപ്പെട്ടതായുമാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവസാന നിമിഷങ്ങളിൽ ബ്രിട്ടോയ്ക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയണം.

സൈമൺ ബ്രിട്ടോയുടെ മരണത്തെ കുറിച്ച് താൻ ഏറെ പഴികേൾക്കേണ്ടി വന്നു. സൈമൺ ബ്രിട്ടോ കൂടെയില്ലെന്ന സത്യത്തോട് എനിക്കിനിയും പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ല. മന്ത്രി ടി.എം.തോമസ് ഐസക്കുമായി ഇക്കാര്യങ്ങൾ സംസാരിച്ചിരുന്നു. സൈമൺ ബ്രിട്ടോയുടെ അവസാന നിമിഷങ്ങളിൽ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചും, ഒപ്പമുണ്ടായിരുന്നവരെ കുറിച്ചും മെഡിക്കൽ റിപ്പോർട്ടിലെ സംശയങ്ങളെ കുറിച്ചും വ്യക്തത വരുത്തേണ്ടതുണ്ടെന്നും സീന പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ