കൊച്ചി: സിപിഎം നേതാവും കേരള നിയമസഭയിലെ മുൻ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയുമായിരുന്ന സൈമൺ ബ്രിട്ടോയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് സുഹൃത്തുക്കളും സംഘടനാ പ്രവർത്തന രംഗത്തെ സമകാലികരുമായ പികെ ഹരികുമാറും സുരേഷ് കുറുപ്പ് എംഎല്‍എയും.

ഏറ്റവും അടുത്ത സഹോദരന്റെ വിയോഗം എന്നായിരുന്നു പികെ ഹരികുമാര്‍ പ്രതികരിച്ചത്. സെെമണ്‍ ബ്രിട്ടോയും ഹരികുമാറും എസ്എഫ്ഐയില്‍ ഒരുമിച്ച് പ്രവർത്തിച്ചിരുന്നവരാണ്. ഒരാഴ്ച്ച മുമ്പു വരെ ബ്രിട്ടോയുമായി പല കാര്യങ്ങളിലും ചര്‍ച്ച നടത്തിയിരുന്നുവെന്നും സമകാലിക രാഷ്ട്രീയ വിഷയങ്ങളെ നിരന്തരം പഠിക്കുകയും അവയിലെല്ലാം തന്റേതായ കാഴ്ച്ചപ്പാട് രേഖപ്പെടുത്തുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു സൈമണ്‍ ബ്രിട്ടോയെന്നും അദ്ദേഹം ഓര്‍മ്മിച്ചു.

1983 ല്‍ ബ്രിട്ടോയ്ക്ക് കുത്തേല്‍ക്കുന്നതിന് തലേന്ന് രാത്രി തന്നെ കോഴിക്കോട്ടേക്ക് ട്രെയിന്‍ കയറ്റി വിടാന്‍ ബ്രിട്ടോ വന്നിരുന്നുവെന്നും എറണാകുളത്ത് സംഘടനാ പ്രവര്‍ത്തനം ആരംഭിക്കും മുമ്പു തന്നെ എസ്എഫ്‌ഐയിലൂടെ തങ്ങള്‍ അടുത്തിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചു.

ബ്രിട്ടോയുമായി തനിക്ക് വര്‍ഷങ്ങളുടെ സൗഹൃദ ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നുവെന്നും സുരേഷ് കുറുപ്പ് എംഎല്‍എ പറഞ്ഞു. താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും ധീരനായ വ്യക്തിയാണ് സൈമണ്‍ ബ്രിട്ടോയെന്നും കുത്തേറ്റ് അരയ്ക്ക് താഴേക്ക് തളര്‍ന്നു പോയിട്ടും അസാമാന്യ ധീരതയോടെയാണ് ബ്രിട്ടോ അതിനെ നേരിട്ടത്തെന്നും സുരേഷ് കുറുപ്പ് പ്രതികരിച്ചു. വീല്‍ചെയറില്‍ ഇരുന്നിട്ടും സാധാരണ വ്യക്തിയെ പോലെ ജീവിക്കാന്‍ അദ്ദേഹം കാഴ്ച്ചവെച്ച ധീരത മാതൃകയാണെന്നും സുരേഷ് കുറുപ്പ് പറഞ്ഞു. ബ്രിട്ടോയുടെ വിയോഗത്തില്‍ തനിക്ക് അതിയായ ദുഖമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Read Also:സൈമൺ ബ്രിട്ടോ അന്തരിച്ചു

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സെെമണ്‍ ബ്രിട്ടോയുടെ അന്ത്യം. 64 വയസായിരുന്നു. ക്യാമ്പസ് അക്രമരാഷ്ട്രീയത്തിന്റെ ഇരയായ സൈമൺ ബ്രിട്ടോ 1983ൽ നട്ടെല്ലിന് ഏറ്റ കുത്തിനെ തുടർന്ന് വീൽ ചെയറിലായിരുന്നു ജീവിതം നയിച്ചിരുന്നത്.

എസ്എഫ്ഐ സംസ്ഥാന നേതാവായി പ്രവർത്തിക്കവേയാണ് അക്രമണത്തിന് ഇരയാകുന്നത്. ഇതേ തുടർന്ന് അരയ്ക്ക് താഴോട്ട് തളർന്നെങ്കിലും രാഷ്ട്രിയത്തിൽ സജീവമായിരുന്നു സൈമൺ ബ്രിട്ടോ.എസ്എഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 2006 മുതൽ 2011 വരെ കേരള നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി.

1954 മാർച്ച് 27ന് കൊച്ചിക്കടുത്തുള്ള പോഞ്ഞിക്കര ദ്വീപിൽ നിക്കോളാസ് റോഡ്രിഗ്സിന്റെയും ഐറിൻ റോഡ്രിഗ്സിന്റെയും മകനായി ജനിച്ച സൈമൺ ബ്രിട്ടോ, പച്ചാളം സെന്റ്‌ ജോസഫ്‌ എച്ച്‌.എസ്‌ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എറണാകുളം സെന്റ്‌ ആൽബർട്ട്‌സ്‌ കോളേജ്‌, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു ഉപരി പഠനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ