കൊച്ചി: അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മുഖ്യമന്ത്രിയെ കൂടാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍, മന്ത്രിമാരായ ഇ.പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരും എറണാകുളത്തെ വടുതലയിലെ വീട്ടില്‍ എത്തിയിരുന്നു.

അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം മുഖ്യമന്ത്രി സൈമണ്‍ ബ്രിട്ടോയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് മൃതദേഹം വടുതലയിലെ വീട്ടിലെത്തിച്ചത്. 11 മണിക്ക് അദ്ദേഹത്തിന്റെ ഭൗതിക ശരീരം വീട്ടില്‍ നിന്നും ടൗണ്‍ ഹാളില്‍ എത്തിച്ചു. വൈകീട്ട് മൂന്ന് മണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് കൊച്ചി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും.

ടൗണ്‍ ഹാളില്‍ സൈമണ്‍ ബ്രിട്ടോയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയവര്‍

തിങ്കളാഴ്ച തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സൈമണ്‍ ബ്രിട്ടോയുടെ അന്ത്യം. 64 വയസായിരുന്നു. ക്യാമ്പസ് അക്രമരാഷ്ട്രീയത്തിന്റെ ഇരയായ സൈമണ്‍ ബ്രിട്ടോ 1983ല്‍ നട്ടെല്ലിന് ഏറ്റ കുത്തിനെ തുടര്‍ന്ന് വീല്‍ ചെയറിലായിരുന്നു ജീവിതം നയിച്ചിരുന്നത്.

എസ്എഫ്ഐ സംസ്ഥാന നേതാവായി പ്രവര്‍ത്തിക്കവേയാണ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേ തുടര്‍ന്ന് അരയ്ക്ക് താഴോട്ട് തളര്‍ന്നെങ്കിലും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു സൈമണ്‍ ബ്രിട്ടോ. എസ്എഫ്ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 2006 മുതല്‍ 2011 വരെ കേരള നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.