കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർലൈൻ സർവേക്കല്ലിടുന്നതിനെതിരെ പ്രതിഷേധിച്ച 150 പേർക്കെതിരെ പൊലീസ് കേസെടുത്തു. സമരത്തിനിടെ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ മുഴക്കിയവർക്കെതിരെയാണ് കേസ് എന്നാണ് വിവരം. പ്രതിഷേധത്തിനിടെ വനിതാ സിവില്‍ പൊലീസ് ഓഫിസറുടെ കണ്ണില്‍ മണ്ണെണ്ണ വീണതായും കാഴ്ചയ്ക്കു തകരാറു പറ്റിയതായും പൊലീസ് പറയുന്നു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ദിവ്യ മോളുടെ കണ്ണിലാണ് മണ്ണെണ്ണ വീണത്. കണ്ടാലറിയുന്ന 150 പേർക്കെതിരെയാണ് കേസ്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധമുണ്ടായ മാടപ്പള്ളിയിലും ചോറ്റാനിക്കരയിലും ഇന്ന് കല്ലിടൽ നടപടികൾ ആരംഭിക്കുമെന്നാണ് വിവരം. കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്താൻ ആലോചിക്കുന്നതായാണ് വിവരം. കല്ലുകൾ പിഴുതു മാറ്റുന്നവരിൽ നിന്ന് പിഴ ഈടാക്കാനാണ് കെ റെയിൽ അധികൃതരുടെ തീരുമാനം.
അതേസമയം, സിൽവർലൈൻ പ്രതിഷേധം ലോക്‌സഭയിൽ ഉന്നയിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. കെ. മുരളീധരൻ എംപി അടിയന്തരപ്രമേയ നോട്ടീസ് നൽകി. പൊലീസ് അതിക്രമത്തിനെതിരെയാണ് നോട്ടീസ്. സംഭവം ക്രമസമാധാന തകർച്ചയിലേക്ക് നീങ്ങുന്നുവെന്ന് മുരളീധരൻ പറഞ്ഞു.
Also Read: പൊലീസ് ജീപ്പിൽ നിന്ന് വീണ യുവാവ് മരിച്ചു; മർദ്ദനത്തിനിടെ ചാടിയതെന്ന് ബന്ധുക്കൾ