കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ പൂര്‍ത്തിയാകും മുന്‍പ് 1221 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ സാഹചര്യം വിശദീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി.
ഭൂമി ഏറ്റെടുക്കല്‍ നടപടികളും സാമൂഹികാഘാത പഠനവും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, പെരുമ്പായിക്കാട് വില്ലേജുകളിലെ മൂന്ന് സ്ഥലമുടമകള്‍ സമര്‍പ്പിച്ചഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ
ഉത്തരവ്.
റെയില്‍വേ പദ്ധതിയില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാരിനും റെയില്‍വേയ്ക്കും മാത്രമാണ് അധികാരമെന്നും സംസ്ഥാനത്തിന് അധികാരമില്ലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
സ്ഥലമേറ്റെടുക്കലിനു മുന്നോടിയായി ആകാശ സര്‍വേ നടത്തിയിരുന്നതായി സര്‍ക്കാര്‍ അറിയിച്ചു. കേസ് ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കും.
അതിനിടെ, സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ശക്തമായി മുന്നോട്ടുപോകുന്ന സമീപനമാണു സംസ്ഥാന സര്‍ക്കാരിന്റേത്. സില്‍വര്‍ ലൈനിലെ എതിര്‍പ്പില്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ‘ജനസമക്ഷം കെ-റെയില്‍ പദ്ധതി’ വിശദീകരണ യോഗത്തില്‍ പ്രസംഗിക്കുവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Also Read: നിയമസഭയിൽ ഒന്നും മറച്ചുവച്ചിട്ടില്ല, സിൽവർ ലൈനിലെ എതിർപ്പിൽ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി
പ്രകൃതിയെ മറന്ന് ഒരു വികസനവും നടപ്പാക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്നത് തെറ്റായ പ്രചാരണമെന്നും കൂട്ടിച്ചേര്‍ത്തു. നാടിന്റെ വികസനത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരും സഹകരിക്കണം. ഇപ്പോള്‍ ഇല്ലെങ്കില്‍ എപ്പോള്‍ എന്നു കൂടി ആലോചിക്കണം. പദ്ധതികാണ്ട് പരിസ്ഥിതിക്ക് ദോഷമില്ല, മറിച്ച് ഗുണമുണ്ടാകും. നെല്‍കൃഷി തടസപ്പെടില്ല. പദ്ധതിയെ എതിര്‍ക്കുന്നത് പുതിയ തലമുറയോട് ചെയ്യുന്ന നീതികേടാണ്.
എംഎല്‍എമാരുമായാണ് പദ്ധതി ആദ്യം ചര്‍ച്ച ചെയ്തത്. കക്ഷിനേതാക്കള്‍ ഈ വിഷയം സഭയില്‍ ഉന്നയിച്ചിട്ടുണ്ട്. പല ഘട്ടങ്ങളിലും സര്‍ക്കാര്‍ മറുപടി പറഞ്ഞതാണ്. നിയമസഭയില്‍ ഒന്നും മറച്ചുവച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍, സില്‍വര്‍ ലൈന്‍ സംബന്ധിച്ച് നിയമസഭയില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കു പോലും തയാറാകാതിരുന്ന മുഖ്യമന്തി, തുടക്കം മുതല്‍ക്കെ സഭാംഗങ്ങളെ വിശ്വാസത്തിലെടുത്താണു പദ്ധതിയുമായി മുന്നോട്ടു പോയതെന്ന് ഇപ്പോള്‍ പറയുന്നത് അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു.
പൗരപ്രമുഖരുമായി ചര്‍ച്ചയ്ക്കു സമയം കണ്ടെത്തുന്ന മുഖ്യമന്ത്രി നിയമസഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടിസ് വന്നപ്പോള്‍ ചര്‍ച്ച അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. നിയമസഭയില്‍ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യില്ല, പൗരപമുഖരുമായി മാത്രമേ ചര്‍ച്ച നടത്തൂവെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചര്‍ച്ച ചെയ്യാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയാറാകണമെന്നും സതീശന് ആവശ്യപ്പെട്ടു.