കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ സർവേക്കായി കല്ലിടുന്നതിനെതിരെ പ്രതിഷേധം തുടരുന്നു. കോട്ടയം നട്ടാശേരിയിൽ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. രാവിലെ സ്വകാര്യ ഭൂമിയിൽ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. വലിയ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. ആദ്യം സമാധാനപരമായി പ്രതിഷേധിച്ച നാട്ടുകാർ പിന്നീട് പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. പ്രദേശത്ത് നാട്ടുകാരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായതായാണ് വിവരം.
സർവേ കല്ലുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നാട്ടുകാർ തടഞ്ഞു. കല്ലുകൾ എടുത്ത് മാറ്റി. കല്ലുമായി എത്തിയ വാഹനത്തിന് മുകളിൽ കയറിയും പ്രതിഷേധമുണ്ടായി. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ സ്ഥലത്ത് എത്തി. സ്ഥലത്ത് യുദ്ധ സമാനമായ സുരക്ഷ ഒരുക്കി ഒരാളെപ്പോലും കടത്തി വിടാത്ത സംവിധാനമാണ് പൊലീസ് ഒരുക്കിയിരിക്കുന്നതെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് പൊലീസും സർക്കാരും. പട്ടിണി കിടന്ന് സമരം ചെയ്യുന്നവരോട് ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ വാശി കാണിക്കുകയാണെന്നും അദ്ദേഹം തിരുവഞ്ചൂർ പറഞ്ഞു.
ഇന്നലെ കടുത്ത പ്രതിഷേധമുണ്ടായ കോഴിക്കോട് കല്ലായിയിലും എറണാകുളം ചോറ്റാനിക്കരയിലും ഇന്നത്തെ കല്ലിടൽ മാറ്റിവച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് നടപടി. ശക്തമായ സമരത്തെ തുടർന്ന് കോഴിക്കോട് ഇന്നലെയും സർവേ നടത്താനോ കല്ലിടാനോ കഴിഞ്ഞിരുന്നില്ല.
അതേസമയം, പദ്ധതിക്കെതിരായ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന യുഡിഎഫിനെ വിമർശിച്ച് സിപിഎം നേതാവ് എ.കെ ബാലൻ രംഗത്തെത്തി. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് അതിനെ തല്ലിക്കൊല്ലാൻ ആഹ്വാനം ചെയ്യുക എന്നതാണ് യുഡിഎഫിന്റെ രീതിയെന്ന് അദ്ദേഹം പറഞ്ഞു. വിമോചന സമരത്തിന്റെ പഴയ സന്തതികൾക്ക് പുതു ജീവൻ വച്ചു എന്നാണ് യുഡിഎഫ് കരുതുന്നത്. പഴയ ചങ്ങനാശേരി അനുഭവം വച്ച് ചങ്ങനാശേരിയിൽ വിമോചന സമരം നടത്താനാകില്ല. വയൽ കിളികൾ എവിടെ പോയി, അവരുടെ നേതാക്കൾ ഇപ്പോൾ സിപിഎമ്മിലാണെന്നും എകെ ബാലൻ കൂട്ടിച്ചേര്‍ത്തു.
പദ്ധതിയിലെ വിദഗ്ധ സമിതി ശുപാർശ നടപ്പിലാക്കുമെന്ന് എകെ ബാലന് പറഞ്ഞു. അതിനു ശേഷവും ആശങ്കകൾ ഉണ്ടെങ്കിൽ അത് ദൂരീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിൽവർലൈൻ നടപ്പിലായാൽ യുഡിഎഫ് പിന്നെ ഒരിക്കലും അധികാരത്തിൽ വരില്ലെന്ന് മനസിലാക്കികൊണ്ടുള്ള തുള്ളലാണ് ഇതെന്നും ബാലൻ പറഞ്ഞു.
Also Read: സിൽവർലൈൻ: ആ പിപ്പടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട, ജനങ്ങളിലേക്ക് ഇറങ്ങുമെന്നും മുഖ്യമന്ത്രി