scorecardresearch

സിൽവർലൈൻ: പ്രതിഷേധം ശക്തം; പാതയ്ക്ക് ഇരുവശവും ബഫർ സോൺ ഉണ്ടാകുമെന്ന് കെ റെയിൽ എംഡി

കല്ല് പിഴുതാൽ കെ.റെയിൽ ഇല്ലാതാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു

കൊച്ചി: സിൽവർലൈൻ പദ്ധതിയ്ക്ക് കല്ലിടുന്നതിനെതിരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നും ശക്തമായ പ്രതിഷേധം. കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിലാണ് വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. ഇവിടങ്ങളിൽ കോൺഗ്രസ് ബിജെപി പ്രവർത്തകർ സർവേ കല്ലുകൾ പിഴുതുമാറ്റി. കോഴിക്കോട്ടും എറണാകുളം ചോറ്റാനിക്കരയിലും സംഘർഷാവസ്ഥ ഉടലെടുത്തു.

കോഴിക്കോട് കല്ലായിയിൽ അടച്ചിട്ട ഗേറ്റ് മറികടന്ന് വീട്ടുമുറ്റത്ത് കല്ലിട്ടതിനെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ സര്‍വേ കല്ല് സമരക്കാര്‍ പിഴുത് കല്ലായി പുഴയിലെറിഞ്ഞു. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ സമരക്കാര്‍ തടഞ്ഞു. സമരക്കാര്‍ തഹസില്‍ദാരെ ഉപരോധിച്ചു.

ഉദ്യോഗസ്ഥർ വീണ്ടും കല്ലിടാൻ തുടങ്ങിയതാണ് കാര്യങ്ങൾ വീണ്ടും സംഘർഷത്തിലേക്കു നീങ്ങി. നാട്ടുകാരും പൊലീസും തമ്മിൽ വാക്‌തർക്കമുണ്ടായി. കെ റെയില്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. തുടർന്ന് കല്ലിടല്‍ വീണ്ടും നിർത്തിവച്ചു. വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയ സ്ഥലത്തുനിന്നും പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

കോഴിക്കോട് ജില്ലയിലെ അരീക്കാട്ടും പ്രതിഷേധം നടന്നു. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു സമരം. ഇവിടങ്ങളിൽ സ്ഥാപിച്ച സർവേക്കലുകൾ പ്രവർത്തകർ പിഴുതെറിഞ്ഞു. വീടുകളിൽ അതിക്രമിച്ചു കടന്ന് സ്ഥാപിച്ചിട്ടുള്ള എല്ലാ സർവ്വേക്കല്ലുകളും പിഴുതെറിയുമെന്ന സമരത്തിന് നേതൃത്വം നൽകിയ ബിജെപി നേതാവ് അഡ്വ. പ്രകാശ് ബാബു പറഞ്ഞു.

കോട്ടയം പെരുമ്പായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയിൽ കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സര്‍വേ കല്ല് കൊണ്ടു വന്ന വാഹനത്തിനു മുകളില്‍ കയറി സമരക്കാര്‍ പ്രതിഷേധിച്ചു. നട്ടാശേരിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധത്തിനിറങ്ങിയത്.

ചോറ്റാനിക്കരയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സര്‍വേ കല്ല് പിഴുതുമാറ്റി. സര്‍വേ കല്ല് കൊണ്ടു വന്ന വാഹനം സമരക്കാർ തടഞ്ഞു. അനൂപ് ജേക്കബ് എംഎല്‍എയും പ്രതിഷേധത്തിന്റെ ഭാഗമായി.

കണ്ണൂര്‍ കലക്ടറേറ്റില്‍ കെ റെയില്‍ കല്ലിടാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ഉള്‍പ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്തും പ്രതിഷേധം നടന്നു.

മലപ്പുറം തിരുന്നാവായയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. നൂറോളം പേർ പ്രദേശത്ത് തടിച്ചു കൂടി പ്രതിഷേധിച്ചതോടെ അധികൃതർ കല്ലിടാതെ മടങ്ങി.യൂത്ത്കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രവർത്തകർ ബാരിക്കേഡ് കടക്കാൻ ശ്രമിച്ചതോടെ മാർച്ചിൽ സംഘർഷമുണ്ടായി.

അതേസമയം, കല്ലിടല്‍ തുടരുമെന്നു കെ റെയില്‍ എംഡി കെ.അജിത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ നടക്കുന്നത് സ്ഥലമേറ്റെടുപ്പല്ല സാമൂഹികാഘാത പഠനത്തിനുള്ള പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി ആരെയാണ് ബാധിക്കുന്നതെന്ന് മനസിലാക്കാന്‍ സാമൂഹികാഘാത പഠന സര്‍വേ ആവശ്യമാണ്. പദ്ധതിയുടെ ഈ ഘട്ടത്തില്‍ ഭൂമിയേറ്റെടുക്കലിനെക്കുറിച്ച് ആലോചനയില്ല. മുഴുവന്‍ പണവും നല്‍കിയ ശേഷമേ പദ്ധതിക്കായി സ്ഥലമേറ്റെടുക്കൂയെന്നും അജിത് കുമാർ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പാതയുടെ ഇരുവശത്തും പത്ത് മീറ്റര്‍ ബഫര്‍ സോണ്‍ ഉണ്ടാവുമെന്ന് അജിത് കുമാര്‍ വ്യക്തമാക്കി. ബഫര്‍ സോണിലെ അഞ്ച് മീറ്ററില്‍ യാതൊരു നിര്‍മാണവും അനുവദിക്കില്ല. ശേഷിക്കുന്ന അഞ്ച് മീറ്ററില്‍ അനുമതിയോടെ നിര്‍മാണം നടത്താമെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ പാതയ്ക്ക് ബഫര്‍ സോണ്‍ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാന്റെ അവകാശപ്പെട്ടതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ അജിത് കുമാര്‍ വ്യക്താക്കിയത്.

കോൺഗ്രസും ബിജെപിയും ചില സംഘടനകൾക്കൊപ്പം ചേർന്ന് ആളുകളെ ഇളക്കി വിടുകയാണെന്ന് സജി ചെറിയാൻ ആരോപിച്ചു. ജനങ്ങളുടെ വൈകാരിക പ്രതികരണങ്ങൾ മനസ്സിലാകുമെന്നും സർവേ കല്ല് ഊരിയാൽ വിവരമറിയുമെന്നും അതിൽ ഒരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി നഷ്ടപരിഹാരം നൽകുന്നുണ്ട്. അതെല്ലാം സർക്കാർ വ്യക്തമായി പറയുന്നുണ്ട്.കാര്യങ്ങൾ ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തും. സത്യാവസ്ഥ മനസിലാകുമ്പോൾ ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചിട്ടില്ലെന്നും ചിലർ ബോധപൂർവം കലാപമുണ്ടാക്കി വികസന പദ്ധതി തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കലാപത്തിനുള്ള ശ്രമമാണെന്നും സജി ചെറിയാൻ പറഞ്ഞു.

അതിനിടെ, സമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഇത്രയും നാൾ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുകയാണ് ചെയ്തിരുന്നത്. പാവപ്പെട്ടവരെ ജയിലിൽ അയക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചാൽ തങ്ങൾ മുന്നോട്ട് വരും. സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകും. സാധാരണക്കാരെ ജയിലിലേക്ക് വിടില്ലെന്നും യുഡിഎഫ് നേതാക്കള്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കല്ല് പിഴുതാൽ കെ.റെയിൽ ഇല്ലാതാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് എന്തോരം കല്ലുകൾ ഇട്ടിട്ടുണ്ട് അവയൊന്നും പൊങ്ങിയിട്ടില്ല, എന്നാൽ ഇത് പൊങ്ങുമെന്ന് അവർക്ക് അറിയാം. സർവേ കല്ലുകൾ എവിടെയാണ് ഇട്ടതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് അതുകൊണ്ട് കല്ല് കളഞ്ഞതുകൊണ്ട് കാര്യമില്ല. ഇത്തരം സമരം നടത്തി സമയം കളയുന്നതിന് പകരം ക്രിയാത്മകമായി ഏതെങ്കിലും ചെയ്യുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. മാടപ്പള്ളിയിലെ പ്രതിഷേധം ആസൂത്രിതമായിരുന്നു എന്നും കോടിയേരി പറഞ്ഞു.

ഇന്ന് രാവിലെ, പ്രതിഷേധങ്ങളില്‍ പൊലീസ് സംയമനം പാലിക്കണമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. പ്രതിഷേധക്കാരെ സംയമനത്തോടെ നേരിടണമെന്നും പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് പ്രതിഷേധക്കാരെ ബോധവത്കരിക്കണമെന്നുമാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിർദേശം.

Also Read: സിൽവർലൈൻ: പ്രതിഷേധം തുടരുന്നു; കല്ലൂരിയാൽ വിവരമറിയുമെന്ന് മന്ത്രി സജി ചെറിയാൻ, ജയിലിൽ പോകാൻ തയ്യാറെന്ന് സതീശൻ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Silverline project protest continues saji cherian vd satheesan kodiyeri balakrishanan reacts

Best of Express