കോട്ടയം: സിൽവർലൈൻ കല്ലിടലിനെതിരെ ഇന്നും പ്രതിഷേധം. കോട്ടയം കുഴിയാലിപടിയിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കെ-റെയിൽ ഉദ്യോഗസ്ഥർ കല്ലുമായി എത്തിയതോടെ നാട്ടുകാർ കൂട്ടത്തോടെ എത്തുകയായിരുന്നു. കല്ലുമായി എത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
അതിനിടെ നട്ടാശേരിയിൽ മൂന്നാം ദിവസമായ ഇന്നും പ്രതിഷേധമുണ്ടായി. പ്രതിഷേധിച്ചക്കാർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധത്തിൽ പങ്കെടുത്ത 100 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ദൃശ്യങ്ങളിൽ നിന്ന് ഇരുപതിലേറെ പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കളക്ടറേറ്റ് മാർച്ചി പങ്കെടുത്ത 75 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
എറണാകുളം ചോറ്റാനിക്കരയിലും കല്ലിടലിനെതിരായ സമരം തുടരുകയാണ്. പന്തൽ കെട്ടി രാപ്പകൽ സമരമാണ് നടത്തുന്നത്. ഒരു കാരണവശാലും കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. കോൺഗ്രസിന്റെ നേതൃത്വത്തിലാണ് ഇവിടെ സമരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് സ്ഥാപിച്ച കല്ലുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പിഴുത് കുളത്തിൽ എറിഞ്ഞിരുന്നു.
Also read: സിൽവർലൈൻ: ‘ബഫർ സോൺ ഉണ്ട്’, സജി ചെറിയാനെ തിരുത്തി കോടിയേരി