കൊല്ലം: സിൽവർലൈൻ സർവേക്കെതിരെ ഇന്നും പ്രതിഷേധം. കൊല്ലം താഴ്ത്തലയിൽ പ്രദേശവാസി ഗ്യാസ് തുറന്നുവിട്ട് ആത്മഹത്യ ഭീഷണി മുഴക്കി. സർവേക്കായി ഉദ്യോഗസ്ഥർ എത്തുമെന്നറിഞ്ഞാണ് പ്രദേശത്ത് ജനങ്ങൾ സംഘടിച്ചത്. ഇവിടെ കോൺഗ്രസ് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ സമരം നടക്കുകയാണ്. സമരപന്തലിൽ കഞ്ഞിവച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം.
ഉദ്യോഗസ്ഥർ കല്ലിടലിന് എത്തിയാതോടെയാണ് പ്രദേശവാസിയായ അജയ് കുമാര്‍ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പ്രദേശത്ത് സംഘടിച്ച ജനങ്ങളും വീട്ടുകാരും ചേർന്ന് ഇയാളെ പിന്തിരിപ്പിച്ചു. പിന്നാലെ വീടിന് മുന്നിലെ മരത്തില്‍ കയര്‍ കെട്ടിയും അജയ് കുമാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. വീടിന്റെ ഭിത്തിയില്‍ മരണമൊഴിയെന്ന പേരില്‍ ആത്മഹത്യാ കുറിപ്പും എഴുതി ഒട്ടിച്ചിരുന്നു.
പ്രദേശത്തേക്ക് കല്ലുമായി എത്തിയ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഒരു കാരണവശാലും കല്ലിടാൻ അനുവദിക്കില്ല എന്നാണ് നാട്ടുകാരുടെയും കോൺഗ്രസ് പ്രവർത്തകരുടെയും നിലപാട്.
അതേസമയം, സിൽവർലൈൻ പ്രതിഷേധങ്ങൾ നടന്നയിടങ്ങളിൽ സിപിഎം വീടുകയറി ബോധവത്കരണം നടത്തുന്നത് തുടരുകയാണ്. കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ നേതൃത്വത്തിലായിരുന്നു ബോധവത്കരണം. പ്രദേശത്ത് നിന്ന് പിഴുത് മാറ്റിയ കല്ലുകൾ ഇവർ പുനസ്ഥാപിച്ചു. പലയിടങ്ങളിലും വീട്ടുകാരും ഒപ്പം കൂടിയാണ് കല്ലുകൾ പുനസ്ഥാപിച്ചത്.
ഭൂമി വിട്ടുനൽകേണ്ടി വരുന്നവർ ആരും വഴിയാധാരമാകില്ലെന്ന് പി. മോഹനൻ പറഞ്ഞു. ഭൂമി നൽകുന്നവരെ പുനരധിവസിപ്പിക്കും. നിലവിലെ പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണ്. തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജനങ്ങളുടെ വേവലാതിയും ആശങ്കയും സർക്കാരിന് മനസിലാകും. അതുകൊണ്ട് തന്നെ സർക്കാർ ഏറ്റവും ആകർഷകമായ നഷ്ടപരിഹാര പാക്കേജും പുനരധിവാസ പദ്ധതിയുമാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ചതിന് പിന്നാലെയാണ് ഇന്ന് സർക്കാർ സർവേ നടപടികൾ പുനരാരംഭിച്ചത്.
Also Read: ഐടി പാർക്കുകളിൽ പബ്ബ് വരും, മദ്യശാലകളുടെ എണ്ണം കൂടും