തിരുവനന്തപുരം: കേന്ദ്രാനുമതിയില്ലാതെ സിൽവർ ലൈൻ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രാനുമതി നിർബന്ധമാണ്, കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലേ മുന്നോട്ട് പോകാനാകൂ. എന്നാൽ വലിയ രീതിയിൽ എതിർപ്പുകൾ ഉയർത്തികൊണ്ടുവരുമ്പോൾ അവർ ശങ്കിച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. വിളപ്പിൽശാലയിൽ നവകേരള വികസന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് തങ്ങൾക്ക് ദോഷം ചെയ്യുമോയെന്ന് പ്രതിപക്ഷത്തിന് ഭയമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റേത് സങ്കുചിത നിലപാടാണെന്നും പറഞ്ഞു. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നിശബ്ദരാകരുതെന്നും പ്രതിപക്ഷത്തിന്റെ ഉദ്ദേശം തുറന്ന് കാട്ടാനാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വികസനപ്രവർത്തനങ്ങൾക്ക് തടയിടുന്നവർ കൂട്ടത്തിൽ തന്നെയുണ്ടെന്ന് മുഖ്യമന്ത്രിപറഞ്ഞു. വൻകിട പദ്ധതിക്കായുള്ള സ്ഥലത്തിൽ നിന്ന് മൂന്ന് സെന്റ് സ്ഥലം മറ്റൊരാവശ്യത്തിനായി ആവശ്യപ്പെട്ട കൗണ്‍സിലറുടെ ഉദാഹരണം പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഇത് പറഞ്ഞത്. ‘ഉത്തമനായ സഖാവ്’ എന്നാണ് കൗണ്‍സിലറെ അദ്ദേഹം പരാമർശിച്ചത്. ‘ഒന്നും നമ്മുടെ കെയർ ഓഫിൽ വേണ്ടട്ടോ’ എന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വകാര്യ നിക്ഷേപത്തിന് വരുന്നവരെ ശത്രുവായി കാണരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തുടർ ഭരണം കിട്ടിയ സാഹചര്യത്തിൽ ജനജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ദീർഘവീക്ഷണമുള്ള പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നും ജനതാത്പര്യം സംരക്ഷിക്കാനാണ് എപ്പോഴും നിലകൊണ്ടിട്ടുള്ളതെന്നും ഓരോ ഘട്ടത്തിലും ജനജീവിതം നവീകരിക്കുന്നതിന് ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ വികസന മധ്യവർഗ രാഷ്ട്രങ്ങളെ പോലെ കേരളത്തെ മാറ്റുകയാണ് ലക്ഷ്യംമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.