തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കെ-റെയിൽ നടത്തുന്ന സംവാദം ഇന്ന് നടക്കും. രാവിലെ 11 മണി മുതൽ മുതൽ തിരുവനന്തപുരത്തെ ഹോട്ടൽ താജ് വിവാന്തയിൽ വച്ചാണ് സംവാദം. ഏറെ വിവാദങ്ങൾക്ക് ഒടുവിൽ നടക്കുന്ന സംവാദത്തിൽ എതിർക്കുന്നവരുടെ പാനലിൽ ആർജിവി മേനോൻ മാത്രമാണ് പങ്കെടുക്കുന്നത്. അനുകൂലിക്കുന്നവരുടെ പാനലിൽ മൂന്ന് പേരാണ് ഉള്ളത്.
ജോസഫ് സി.മാത്യുവിനെ സർക്കാർ തന്നെ ഒഴിവാക്കുകയും പകരം നിശ്ചയിച്ച പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനും മറ്റൊരു പാനലിസ്റ്റായ റെയിൽവേ മുൻ ചീഫ് എൻജിനീയർ അലോക് വർമ്മയും പിന്മാറിയതോടെയാണ് എതിർക്കുന്നവരുടെ പാനലിൽ ശാസ്ത്രസാഹിത്യ പരിഷത് മുൻ പ്രസിഡന്റ് ആർജിവി മേനോൻ മാത്രമായത്.
ദേശീയ റെയിൽവേ അക്കാദമി മുൻ വകുപ്പു മേധാവി മോഹൻ എ.മേനോൻ മോഡറേറ്ററാകുന്ന സംവാദത്തിൽ പദ്ധതിയെ അനുകൂലിച്ചു റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് ജെയിൻ, സാങ്കേതിക സർവകലാശാല മുൻ വിസി ഡോ.കുഞ്ചെറിയ പി.ഐസക്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ എന്നിവരാണ് സംസാരിക്കുക.
ഒരാൾ മാത്രമായതിനാൽ ആർജിവി മേനോന് സംസാരിക്കാൻ കൂടുതൽ സമയം നൽകാനാണ് സാധ്യത. ഒപ്പം കാണികളിൽ നിന്ന് കൂടുതൽ ചോദ്യങ്ങളും ഉൾപ്പെടുത്തിയേക്കും. ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥികൾക്ക് മുന്നിലാണ് സംവാദം. എംഡി വി.അജിത് കുമാർ ഉൾപ്പെടെ കെ–റെയിൽ ഉദ്യോഗസ്ഥർ കേൾവിക്കാരായി ഉണ്ടാകും.
Also Read: സിൽവർലൈൻ സംവാദം: സർക്കാർ ഏറ്റെടുത്ത് നടത്തണമെന്ന് അലോക് വർമ്മ; വിശദീകരണവുമായി കെ-റെയിൽ