തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന സംവാദത്തിൽ നിന്ന് പിന്മാറുമെന്ന് സിസ്ട്രയുടെ മുൻ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ അലോക് വർമ. സംവാദം നടത്തേണ്ടത് കെ-റെയിൽ അല്ലെന്നും സർക്കാർ ആണെന്നും സർക്കാർ ഏറ്റെടുത്ത് നടത്തണമെന്നും അലോക് വർമ്മ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സംവാദത്തിൽ പദ്ധതിയെ എതിർത്ത് സംസാരിക്കുന്ന പാനലിലെ അംഗമാണ് അലോക് വർമ്മ. ചീഫ് സെക്രട്ടറിയാണ് സംവാദത്തിലേക്ക് ക്ഷണിച്ചത്. അതിനാൽ അത് സംഘടിപ്പിക്കേണ്ടത് സർക്കാർ ആണെന്ന് അലോക് വർമ്മ പറഞ്ഞു. അതിനുശേഷം പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് നിലപാട്.
ക്ഷണക്കത്ത് ശരിയായ രീതിയിൽ അല്ലെന്നും ഏകപക്ഷീയമാണെന്നും അദ്ദേഹം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറഞ്ഞു. പദ്ധതിയുടെ അനുകൂല വശങ്ങൾ ജനങ്ങളെ ബോധിപ്പിക്കാനാണ് സംവാദം എന്നാണ് കത്തിൽ, ഇത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ജോസഫ് മാത്യുവിനെ ആദ്യം ക്ഷണിക്കുകയും പിന്നെ ഒഴിവാക്കുകയും ചെയ്ത നടപടിയിൽ അദ്ദേഹം അതൃപ്തിയും അറിയിച്ചു.
അതേസമയം, സംവാദം സംഘടിപ്പിക്കുന്നത് സർക്കാർ ആണെന്ന വിശദീകരണവുമായി കെ-റെയിൽ രംഗത്തെത്തി. ചീഫ് സെക്രട്ടറിയാണ് കെ-റെയില്‍ ചെയര്‍മാന്‍. ബോര്‍ഡില്‍ രണ്ട് സര്‍ക്കാര്‍ അംഗങ്ങളും രണ്ട് റെയില്‍വേ അംഗങ്ങളുമുണ്ട്. കെ-റെയില്‍ സംബന്ധമായ പരിപാടികള്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടേതാണെന്നും കെ-റെയില്‍ അധികൃതര്‍ വിശദീകരിച്ചു.
വ്യാഴാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ താജ് വിവാന്തയിലാണ് സംവാദം നിശ്ചയിച്ചിരിക്കുന്നത്. 50 പേർ പങ്കെടുക്കുന്ന സംവാദത്തിൽ പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കാൻ മൂന്ന് വീതം വിഷയ വിദഗ്ധരും ഉണ്ടാകും.ഓരോരുത്തർക്കും 10 മിനിറ്റ് വീതമാകും സംസാരിക്കാൻ സമയം ലഭിക്കുക.
ദേശീയ റെയില്‍വേ അക്കാദമയിലെ വകുപ്പുമേധാവി മോഹന്‍ എ. മേനോനാണ് മോഡറേറ്റര്‍. റെയിൽവേ ബോർഡ് ടെക്‌നിക്കൽ അംഗവും മധ്യ റെയിൽവേ ജനറൽ മാനേജരുമായിരുന്ന സുബോധ് കാന്ത് ജെയിൻ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. കുഞ്ചറിയ പി. ഐസക്ക്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എൻ രഘുചന്ദ്രൻ നായർ എന്നിവരാണ് പദ്ധതിയെ അനുകൂലിച്ച് സംസാരിക്കുക.
അലോക് വർമ്മയ്ക്ക് ഒപ്പം ഡോ. ആർ.വി.ജി മേനോൻ, പരിസ്ഥിതി ഗവേഷകനായ ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് എതിർത്ത് സംസാരിക്കുക. ജോസഫ് സി.മാത്യുവിന് പകരമാണ് ശ്രീധർ രാധാകൃഷ്ണനെ ഉൾപ്പെടുത്തിയത്.
Also Read: ശ്രീനിവാസൻ കൊലപാതകം: രണ്ടു പേർ കൂടി പിടിയിൽ, ഒന്ന് വെട്ടിയ ആളെന്ന് സൂചന