തിരുവനന്തപുരം: സില്‍വര്‍ലൈന്‍ അലൈന്‍മെന്റിലെ മാറ്റം സംബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ ആരോപണം രാഷ്ട്രീയമായി വില കുറഞ്ഞതാണെന്നു മന്ത്രി സജി ചെറിയാന്. തനിക്കു താല്‍പ്പര്യമുള്ളവര്‍ക്കു വേണ്ടി ഒരു മന്ത്രി ഇടപെട്ട് സില്‍വര്‍ലൈന്‍ അലൈന്മെന്റ് മാറ്റിയെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം.
”ഉപഗ്രഹ സര്‍വേ വഴിയാണ് അലൈന്മെന്റ് തയാറാക്കിയത്. ആരുടെ വീട്, ഏതു വഴി എന്നുള്ളത് അവരാണ് തീരുമാനിക്കുന്നത്. അലൈന്മെന്റ് തീരുമാനിച്ചത് അന്തിമമായിട്ടില്ല. അതുസംബന്ധിച്ച സാമൂഹികാഘാത പഠനമാണ് നടക്കാന്‍ പോകുന്നത്. അതിനുള്ള കല്ലിടാന്‍ പോകുമ്പോഴാണ് ഈ പ്രശ്നങ്ങളെല്ലാം കുത്തിപ്പൊക്കുന്നത്. സാധ്യതാ, സാമൂഹികാഘാത, പാരിസ്ഥിതിക പഠനം നടത്തി ഡിപിആര്‍ തയാറാക്കി അന്തിമ അലൈന്മെന്റിലേക്കു പോകാന്‍ വേണ്ടി തീരുമാനിച്ച ഘട്ടത്തില്‍, നേരത്തെ ഒരു അലൈന്മെന്റുണ്ടായിരുന്നു, അത് ഞാന്‍ മാറ്റി എന്നൊക്കെ പറയുന്നതു രാഷ്ട്രീയമായി വില കുറഞ്ഞ ആരോപണമാണ്,” സജി ചെറിയാന് പറഞ്ഞു.
”എന്റെ വീടിന്റെ മുന്പില് കൂടി അലൈന്മെന്റ് കൊണ്ടുവരാന്‍ തിരുവഞ്ചൂര്‍ മുന്‍കൈ എടുക്കണം. എന്റെ വീടിന്റെ മണ്ടയ്ക്കു കൂടി കൊണ്ടുവരട്ടെ. അതില്‍ ഞാന്‍ സന്തോഷവാനാണ്. ഒരു പൈസയും വേണ്ട. കോടിക്കണക്കിനു രൂപ വില കിട്ടുന്ന ചെങ്ങന്നൂരിലെ എന്റെ വീടും സ്ഥലവും എന്റെ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കൊടുക്കാന്‍ എഴുതി വച്ചതാണ്. വീട് സില്‍വര്‍ലൈനിനു വിട്ടുനല്‍കിയാല്‍ സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന പണം തിരുവഞ്ചൂരും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് പാലിയേറ്റീവ് സൊസൈറ്റിക്കു കൊടുത്താല്‍ മതി. എനിക്ക് ഒരു പൈസയും വേണ്ട.”സജി ചെറിയാന് പറഞ്ഞു.
അതേസമയം, സില്‍വര്‍ ലൈന്‍ പാതയ്ക്കു ബഫര്‍ സോണുണ്ടാകില്ലെന്ന മുന്‍ പ്രസ്താവന സജി ചെറിയാന് തിരുത്തി. ബഫര്‍ സോണുണ്ടെന്ന കാര്യം നേരത്തെ എന്റെ ശ്രദ്ധയില്‍ പെട്ടില്ല. ബഫര്‍ സോണുണ്ടെന്ന് ഇപ്പോള്‍ കെ റെയില്‍ എംഡിയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറയുന്നു. പാര്‍ട്ടി സെക്രട്ടറി പറഞ്ഞതായിരിക്കും ശരി. അതില്‍ കൂടുതല്‍ പഠനത്തിലേക്കു പോകേണ്ട കാര്യമല്ല. തനിക്ക് തെറ്റ് പറ്റിയതാകാമെന്നും മനുഷ്യന് തെറ്റ് പറ്റാമല്ലോയെന്നും സജി ചെറിയാന് പറഞ്ഞു.
Also Read: സിൽവർലൈൻ: ‘ബഫർ സോൺ ഉണ്ട്’, സജി ചെറിയാനെ തിരുത്തി കോടിയേരി
ഒരു മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ കുറിച്ചിമുട്ടത്ത് അലൈന്മെന്റ് മാറ്റിയെന്നായിരുന്നു തിരുവഞ്ചൂരിന്റെ കഴിഞ്ഞദിവസത്തെ ആരോപണം. മന്ത്രിയുടെ പേരു പറയാതെയായിരുന്നു തിരുവഞ്ചൂര്‍ ഈ ആരോപണം ഉന്നയിച്ചത്. അലൈന്മെന്റ് മാറ്റിയതിന്റെ പ്രയോജനം ആര്‍ക്കാണ് കിട്ടിയതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടിരുന്നു.
”ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്തു കൂടി പോകുന്ന കെറെയില്‍ അലൈന്മെന്റ് അദ്ദേഹത്തിനു താല്പ്പര്യമുള്ളയാളുകളില്നിന്ന് മാറ്റിക്കൊടുത്തിട്ടുണ്ട്. എനിക്കു നേരിട്ടറിയാം. ഇല്ലെന്ന് മന്ത്രി പറയട്ടെ. കെ റെയിലിന്റെ ആളുകള്‍ ഉണ്ടെങ്കില്‍ പറയട്ടെ. ഇത്തരത്തില്‍ കേരളത്തിലുടനീളം നടന്നിട്ടുണ്ട്. സര്‍ക്കാരിനു താല്‍പ്പര്യമുള്ള ആളുകള്‍ക്ക് ദോഷമില്ലാത്ത തരത്തില്‍ മാറ്റിയും മറിച്ചും മറ്റുള്ളവരുടെ തലയിലേക്ക് അലൈന്മെന്റ് മാറ്റിക്കൊടുത്തു,” എന്നായിരുന്നു തിരുവഞ്ചൂര്‍ ഇന്നലെ പറഞ്ഞത്.
ഇന്ന് ആരോപണം ആവര്‍ത്തിച്ച തിരുവഞ്ചൂര്‍ പഴയ മാപ്പും പുതിയ മാപ്പും പരിശോധിച്ചാല്‍ അലൈന്‍മെന്റിലെ മാറ്റം മനസിലാകുമെന്ന് തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. സജി ചെറിയാന് ഇനി മിണ്ടിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു. കെ റെയില്‍ പദ്ധതിയെക്കുറിച്ചുള്ള പല കാര്യങ്ങളും സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് മറച്ചുവച്ചു. ഇനിയും നിരവധി കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അവ കൂടി പുറത്തുവരുമ്പോള്‍ കെ റെയിലിനെ കുറിച്ച് സംസാരിക്കാനുള്ള ശക്തി പോലും സര്ക്കാറിനുണ്ടാകില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.