കോഴിക്കോട്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുമ്പോഴും നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. “ഒരു വിഭാഗത്തിന് മാത്രം എതിര്‍പ്പുള്ളതുകൊണ്ട് പദ്ധതി നടപ്പാക്കാതിരിക്കില്ല. രണ്ടിരട്ടി നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ നല്‍കുന്നത്. അതിനും മുകളില്‍ നല്‍കാന്‍ തയാറുമാണ്. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല,” മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ രീതിയേയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. “വികസനത്തെ സ്തംഭിപ്പിക്കുന്നവരുടെ മെഗാഫോണ്‍ ആവരുത്. മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ ശത്രുതാ മനോഭാവം പുലര്‍ത്തുകയാണ്. കുഞ്ഞുങ്ങളുമായി സമരത്തിന് വരുന്നവരെ മഹത്വവത്കരിക്കുന്നു,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
“മുന്‍പ് വികസനത്തിന് അനുകൂലമായിരുന്നു മാധ്യമവാര്‍ത്തകള്‍. കാര്യങ്ങള്‍ മാറിയിരിക്കുന്നു. വികസനം മൂലമുള്ള ബുദ്ധിമുട്ട് നേരിടുന്നവർക്ക് എല്ലാ പുനരധിവാസ പദ്ധതികളും ഉറപ്പാക്കിയാണ് മുന്നോട്ട് പോകുന്നത്. അതിനാണ് മുന്‍ഗണന നല്‍കേണ്ടത്. വികസന മാധ്യമ പ്രവർത്തനം പത്ര പ്രവർത്തകർ ഉപേക്ഷിച്ചതായാണ് കാണാന്‍ കഴിയുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പദ്ധതിക്കെതിരായുള്ള പ്രതിഷേധം അണിയാതെ തുടരുകയാണ്. യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. മലപ്പുറത്തും കോഴിക്കോടും തൊടുപുഴയിലും സംഘര്‍ഷമുണ്ടായി. പലയിടങ്ങളിലും പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.
ആലപ്പുഴയിലെ യൂത്ത് ലീഗ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. കഴിഞ്ഞ ദിവസം പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടന്ന് കലക്ട്രേറ്റ് വളപ്പില്‍ പ്രവേശിച്ചിരുന്നു. അതിനാല്‍ കനത്ത പൊലീസ് സന്നാഹം ഇന്ന് കലക്ട്രേറ്റിന് മുന്നിലുണ്ടായിരുന്നു. പൊലീസ് തടഞ്ഞതോടെ ബാരിക്കേഡുകള്‍ക്ക് മുന്നിലിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
Also Read: കേന്ദ്രമന്ത്രി മുരളീധരന്‍ വീട്ടിലെത്തി; സില്‍വര്‍ലൈനില്‍ അനുകൂല മുദ്രാവാക്യവുമായി കുടുംബം