തിരുവനന്തപുരം: എത്രയും വേഗം സില്‍വര്‍ലൈന്‍ നടപ്പാക്കണമെന്നാണ് പൊതു വികാരമെന്നും പദ്ധതി കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുടെ ചെലവ് രണ്ട് ലക്ഷം കോടിയാവുമെന്നത് എതിര്‍ക്കാനുള്ള വാദം മാത്രമാണ്. താന്‍ പറയുന്നതാണ് വസ്തുതയെന്നും സിൽവർലൈൻ വിഷയത്തിൽ നിയമസഭയിൽ നടന്ന് അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം വികസന മുന്നേറ്റത്തെ തുരങ്കം വയ്ക്കുകയാണ്. പദ്ധതി കേരളത്തെ വെട്ടിമുറിക്കില്ല. രണ്ടാള്‍ പൊക്കത്തില്‍ മതിലെന്ന പ്രചാരണം വ്യാജമാണ്. മതില്‍ ഉയരാന്‍ പോകുന്നില്ല. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി വന്നാല്‍ സംസ്ഥാനത്തെ സമ്പദ് ഘടന വലിയ തോതില്‍ വികസിക്കും.
പ്രതിപക്ഷം പാപ്പരായ അവസ്ഥയിലാണ്. വസ്തുനിഷ്ഠമായി ഒന്നും പറയാനില്ല. കടക്കെണി വാദം വികസന മുന്നേറ്റത്തെ തടയില്ല. വായ്പാ തിരിച്ചടവിന് 40 വര്‍ഷം സമയം കിട്ടും. പശ്ചിമ ഘട്ടത്തിനു ഭീഷണിയെന്ന വാദത്തിനും അടിസ്ഥാനമില്ല. ക്വാറികള്‍ ഭൂരിപക്ഷവും പശ്ചിമഘട്ടത്തില്‍ അല്ല. പദ്ധതിക്കായി നിര്‍മിക്കുന്ന തുരങ്കങ്ങളില്‍നിന്ന് കരിങ്കല്ല് കിട്ടും. കൃഷിഭൂമിക്കു പദ്ധതിക്കായി മാറ്റം വരുത്തില്ല. സമരക്കാര്‍ക്കെതിരെ ഒരിടത്തും പൊലീസ് അതിക്രമമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വരേണ്യവര്‍ഗത്തിനു വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ പറഞ്ഞു . കേരളം മുഴുവന്‍ സില്‍വര്‍ ലൈനിന്റെ ഇരകളാകും. പദ്ധതിക്കാവശ്യമായ പഠനങ്ങള്‍ നടത്തിയിട്ടില്ല. എന്തും ചെയ്യാനുള്ള അവകാശമല്ല ജനവിധിയെന്നും അദ്ദേഹം പറഞ്ഞു.
പൊതുഗതാഗതം മെച്ചപ്പെടുത്തണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റു പൊതുഗതാഗത സംവിധാനങ്ങളെ വിഴുങ്ങുന്നതാണ് സില്‍വര്‍ ലൈന്‍ പദ്ധതി. പദ്ധതിച്ചെലവ് രണ്ടു ലക്ഷം കോടി രൂപ കടക്കുമെന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. പദ്ധതിയുടെ ഡേറ്റകളില്‍ തിരിമറി നടന്നു. ഡേറ്റ കൃത്രിമം ക്രിമിനല്‍ കുറ്റമാണ്. ഇതു ചെയ്തവര്‍ ജയിലില്‍ പോകേണ്ടിവരും.
സ്പീഡാണ് വികസനമെന്നു പറയുന്നത് ഇടതുപക്ഷ വിരുദ്ധതയാണ്. എന്തും ചെയ്യാനുള്ള അവകാശമല്ല ജനവിധി. ഏകാധിപതിയുടെ സ്വഭാവമാണ് മുഖ്യമന്ത്രിക്കെന്നും സതീശന്‍ പറഞ്ഞു
പി.സി.വിഷ്ണുനാഥിന്റെ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന സിൽവർ ലൈനിനെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധത്തിനെതിരെ സര്‍ക്കാർ ഗുണ്ടായിസം കാണിക്കുകയാണെന് വിഷ്ണുനാഥ് ആരോപിച്ചു.
പ്രതിഷേധത്തെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മൃഗീയവുമാണ് സര്‍ക്കാരും പൊലീസും നേരിടുന്നത്. കെ റെയില്‍ പോലെ, കെ ഫോണ്‍ പോലെ കേരള പൊലീസിന്റെ കെ ഗുണ്ടായിസമാണ് സിൽവർലൈനുമായി ബന്ധപ്പെട്ട് നടക്കുന്നത്. ജനങ്ങളുടെ കണ്ണീരിനിടയില്‍ കൂടി എന്തിനാണ് മഞ്ഞക്കുറ്റി? സാമൂഹികാഘാതപഠനമല്ല, സാമൂഹിക അതിക്രമമാണ് നടക്കുന്നത്.
നൂറുകണക്കിനു പൊലീസുകാരുമായെത്തി സ്വകാര്യഭൂമിയില്‍ അതിക്രമിച്ച് കയറുകയാണ്. എതിര്‍ക്കുന്നവരെ അതിക്രമിച്ചും വലിച്ചിഴച്ചും തളര്‍ന്നുവീഴുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ തടസം നിന്നും പൊലീസ് അഴിഞ്ഞാടുകയാണ്, ആറാടുകയാണ്. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നു. കുഞ്ഞുങ്ങളുടെ മുന്നില്‍ മാതാപിതാക്കളെ മർദിക്കുകയും വലിച്ചിഴയ്ക്കുന്നു.
അടുക്കളയില്‍ വരെ മഞ്ഞക്കല്ലുകള്‍ കുഴിച്ചിടുകയാണ്.കേരളം കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഫാസിസമാണിത്. ഭരണപരാജയം മറച്ചുവയ്ക്കാനുള്ള പദ്ധതിയാണിത്. പദ്ധതിക്കുള്ള വിഭവങ്ങള്‍ എവിടെനിന്ന് കൊണ്ടുവരുമെന്ന് അറിയില്ല. പദ്ധതിയിലാകെ ദുരൂഹതയാണെന്നും വിഷ്ണുനാഥ് പറഞ്ഞു.
ഭരണപക്ഷത്തുനിന്ന് എ.എന്‍.ഷംസീറാണ് ആദ്യം സംസാരിച്ചത്. സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ പ്രതിപക്ഷത്തിന്റെ അനുമതി വേണ്ടെന്ന് ഷംസീർ പറഞ്ഞു. പ്രതിപക്ഷം മനോഭാവം മാറ്റിയില്ലെങ്കിൽ രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനത്തെയും ഉള്‍നാടന്‍ ജലഗതാഗതത്തെയും കോൺഗ്രസ് എതിര്‍ക്കുകയാണ്. ഉരുള്‍പൊട്ടല്‍ എല്ലായിടത്തുമുണ്ട്, പ്രളയം ഉണ്ടായാല്‍ ചാല്‍ വെട്ടിയാണെങ്കിലും വെള്ളം ഒഴുക്കാമെന്നും ഷംസീര്‍ പറഞ്ഞു.
ഭരണപക്ഷത്തുനിന്നു പിഎസ് സുപാല്‍, കെടി ജലീല്‍, ജോബ് മൈക്കിള്‍, കെപി മോഹനന്‍, വി ജോയ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, തോമസ് കെ തോമസ് എന്നിവരും പ്രതിപക്ഷത്തുനിന്നു രമേശ് ചെന്നിത്തല, എംകെ മുനീര്‍, പിജെ ജോസഫ്, അനൂപ് ജേക്കബ് തുടങ്ങിയവരും സംസാരിച്ചു.
ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നു വരെ രണ്ട് മണിക്കൂറാണ് സ്പീക്കർ എംബി രാജേഷ് ചർച്ച അനുവദിച്ചത്. രാവിലെ നോട്ടീസ് അവതരിപ്പിച്ചതിനു പിന്നാലെ സഭ നിർത്തിവച്ച് ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറയുകയായിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറ്റ ശേഷം ആദ്യമായാണ് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം ചർച്ച ചെയ്യുന്നത്.
Also Read: ഇന്നും വിയർക്കും; വേനൽ ചൂടിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്