തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ലൈന്‍, കേരളത്തെ കൊള്ളയടിക്കുകയും കൊലയ്ക്കു കൊടുക്കുകയും ചെയ്യുന്ന പദ്ധതിയാണെന്ന് ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത. പ്രളയങ്ങളിലൂടെ പ്രകൃതി മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് കൊള്ളമുതലിന്റെ താല്‍പ്പര്യം മാത്രം മുന്‍ നിര്‍ത്തിയാണെന്നും അദ്ദേഹം ആരോപിച്ചു.
കെ റെയില്‍ – സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെത്രാപ്പൊലീത്ത.
ലക്ഷകണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചു കേരളത്തിന്റെ ആവാസ വ്യവസ്ഥയെ തകർത്തു നാടിനെ രണ്ടായി വിഭജിക്കുന്ന ജന വിരുദ്ധ പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
പശ്ചിമ ഘട്ടത്തെ ഇല്ലാതാക്കുന്ന, കേരളത്തിൽ ദുരന്തങ്ങൾക്കു ആക്കം കൂട്ടുന്ന ഈ പദ്ധതി ഒരു ചെറിയ വരേണ്യ വർഗ ന്യൂനപക്ഷത്തിനു മാത്രമേ പ്രയോജനം ചെയ്യൂ. നിലവിലെ പാത ഇരട്ടിപ്പിക്കൽ വേഗത്തിൽ ആക്കി സിഗ്നൽലിംഗ് സംവിധാനം മെച്ചപ്പെടുത്തിയാൽ സമയം ഒത്തിരി ലഭിക്കാമെന്നിരിക്കെ യാതൊരു ആവശ്യവും ഇല്ലാത്തതും അനേക ലക്ഷം ജനങ്ങളെ സ്വന്തം വീട്ടിൽ നിന്നും ഭൂമിയിൽ നിന്നും പുറത്താകുന്ന, പരിസ്ഥിതിക്കു വിനാശം ഉണ്ടാക്കുന്ന ഈ പദ്ധതി സർവ വിനാശം സൃഷ്ടിക്കും. മഹാ പ്രളയങ്ങളിൽനിന്നു പോലും പാഠം പഠിക്കാൻ കഴിയാത്ത രാഷ്ട്രീയ നേതൃത്വത്തിനു കാലം മാപ്പ് കൊടുക്കില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പദ്ധതിക്കു കുറഞ്ഞത് രണ്ട് ലക്ഷം കോടി രൂപയെങ്കിലും ചെലവാകുമെന്നും കേരളം മുഴുവന്‍ വിറ്റാലും ഈ കടം വീട്ടാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് എംഎല്‍എ പറഞ്ഞു. സമിതി സംസ്ഥാന ചെയര്മാന് എം പി ബാബുരാജ് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങള്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ് എം പി, എംഎല്‍എമാരായ എം കെ മുനീര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ കെ രമ, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്,
എന്‍ എ നെല്ലിക്കുന്ന്, കുറുക്കോളി മൊയ്ദീന്, കെ പി എ മജീദ്, നജീബ് കാന്തപുരം, മുന്‍ എംഎല്‍എമാരായ അഡ്വ. എ എന്‍ രാജന്‍ബാബു, ജോസഫ് എം പുതുശ്ശേരി, മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, സി ആര് നീലകണ്ഠന്, അഡ്വ. തമ്പാന് തോമസ്, പ്രൊഫ. കുസുമം ജോസഫ് (എന്‍എപിഎം), മിര്‍സാദ് റഹ്മാന് (വെല്‍ഫെയര്‍ പാര്‍ട്ടി), മിനി കെ ഫിലിപ് (എസ് യു സി ഐ (കമ്യൂണിസ്റ്റ്), എം കെ ദാസന് (സിപിഐ എംഎല് (റെഡ് സ്റ്റാര്‍), ജോണ്‍ പെരുവന്താനം, ഡോ.ആസാദ്, ജി ദേവരാജന്‍ (ഫോര്‍വേഡ് ബ്ലോക്ക്), ബാലകൃഷ്ണപിള്ള (ആര്‍എംപിഐ), ഗ്ലേവിയസ് അലക്സാണ്ടര്‍ (സ്വരാജ് ഇന്ത്യ പാര്‍ട്ടി), എം ഷാജര്‍ഖാന്‍ (കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ), എസ് രാജീവന്, ടി ടി ഇസ്മയില്‍, ചാക്കോച്ചന് മണലേല്‍, ഹനീഫ നെല്ലിക്കുന്ന്, ബദറുദ്ദീന്‍ മാടായി, അഡ്വ. അബൂബക്കര്‍ ചേങ്ങാട്, ശിവദാസ് മഠത്തില്‍, വിനു കുര്യാക്കോസ്, ബാബു കുട്ടന്‍ചിറ, മുരുകേഷ് നടയ്ക്കല്‍, എ ജയിംസ്, രാമചന്ദ്രന് കരവാരം തുടങ്ങിയവര്‍ പങ്കെടുത്തു.
Also Read: സില്‍വര്‍ ലൈനില്‍ കുതിക്കാന്‍ കേരളം; അറിയാം സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയെക്കുറിച്ച്
രാവിലെ ആശാന് സ്ക്വയറില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ വിവിധ ജില്ലകളില്‍നിന്നായി ആയിരങ്ങള്‍ അണിനിരന്നു. സമിതി രക്ഷാധികാരി കെ ശൈവപ്രസാദ് സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.