തിരുവനന്തപുരം: നിര്‍ദിഷ്ട തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ധ അതിവേഗ റെയില്‍ ഇടനാഴിയ്ക്കുവേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്കു നാലിരട്ടി വരെ തുക നഷ്ടപരിഹാരമായി നല്‍കുമെന്നു കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍. ഇക്കാര്യത്തില്‍ ആശങ്കള്‍ക്ക് അടിസ്ഥാനമില്ലെന്നും കോര്‍പറേഷന്‍ അറിയിച്ചു.

”പാതയ്ക്കുവേണ്ടി പരമാവധി കുറച്ചുസ്ഥലമാണ് ഏറ്റെടുക്കുക. ഭൂമിയ്ക്കു വിപണി വിലയുടെ രണ്ടു മുതല്‍ നാലിരട്ടി വരെ തുക നഷ്ടപരിഹാരമായി നല്‍കും. ഇക്കാര്യത്തില്‍ ആശങ്കള്‍ക്ക് അടിസ്ഥാനമില്ല,”കെ-റെയില്‍ എംഡി വി.അജിത് കുമാര്‍ അറിയിച്ചു.

2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം സുതാര്യമായ രീതിയിലാണു സ്ഥലങ്ങള്‍ ഏറ്റെടുക്കുകയും നഷ്ടപരിഹാരമടക്കമുളള പുനരധിവാസ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക. വീട് ഉള്‍പ്പെടെയുളളള കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍ എന്നിവയ്ക്കും ഇരട്ടിത്തുക നഷ്ടപരിഹാരമായി ലഭിക്കും. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ കൂടിയാലോചനകളിലൂടെ പരിഹരിക്കും.

കഴിയുന്നത്ര ജനവാസ മേഖലകള്‍ ഒഴിവാക്കിയാണു പാതയുടെ അലൈന്‍മെന്റ് തയാറാക്കിയിരിക്കുന്നത്. നെല്‍പ്പാടങ്ങളും കെട്ടിടസമുച്ചയങ്ങളും ഒഴിവാക്കി 88 കിലോമീറ്ററില്‍ ആകാശപ്പാതയായാണു നിര്‍മിക്കുന്നത്. നിലവിലെ റെയില്‍ പാതയ്ക്കു സമാന്തരമായി സില്‍വര്‍ ലൈന്‍ നിര്‍മിക്കുന്നത് പ്രായോഗികമല്ല. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ വളഞ്ഞു പുളഞ്ഞുപോകുന്നതാണു നിലവിലെ പാത. ഇതിനു സമാന്തരമായി സില്‍വര്‍ലൈന്‍ നിര്‍മിച്ചാല്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗം സാധ്യമാകില്ല. ഈ പ്രശ്‌നമില്ലാത്ത തിരൂര്‍-കാസര്‍ഗോഡ് ഭാഗത്ത് സമാന്തരമായാണു സില്‍വര്‍ ലൈന്‍ നിര്‍മിക്കുക.

സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണു സില്‍വര്‍ ലൈന്‍ നിര്‍മാണം. ഇതിനെ നിലവിലുളള പാതയുമായി കൂട്ടിയോജിപ്പിച്ച് ഉപയോഗിക്കാനാവില്ല.പദ്ധതിച്ചെലവു കുറയ്ക്കാനും മെച്ചപ്പെട്ട സാങ്കേതിക വിദ്യയ്ക്കു വേണ്ടിയുമാണു സ്റ്റാന്‍ഡേര്‍ഡ് ഗേജ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനു ബ്രോഡ്‌ഗേജിനേക്കാള്‍ കുറച്ചു ഭൂമി മതി.

പാതനിര്‍മാണവുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതെയും അരലക്ഷം തൊഴിലവസരമുണ്ടാകും. പദ്ധതി യാഥാര്‍ഥ്യമാവുമ്പോള്‍ 11,000 തൊഴിലവസരങ്ങളുണ്ടാകും. സില്‍വര്‍ ലൈനില്‍ ജനസഞ്ചാരത്തിനു തടസവുമുണ്ടാകില്ല. റെയില്‍പ്പാത, ദേശീയ-സംസ്ഥാന പാതകള്‍, മറ്റു റോഡുകള്‍ എന്നിവ സില്‍വര്‍ ലൈന്‍ മുറിച്ചുകടക്കുന്ന സ്ഥലങ്ങളില്‍ മേല്‍പ്പാലങ്ങള്‍, അടിപ്പാതകള്‍, ഫ്‌ളൈ ഓവറുകള്‍ എന്നിവ നിര്‍മിക്കും. ഓരോ 500 മീറ്ററിലും സില്‍വര്‍ലൈന്‍ മുറിച്ചുകടക്കാന്‍ സൗകര്യമുണ്ടാകും.

പാതയ്ക്കായി കോഴിക്കോട് നഗരത്തില്‍ ഭൂഗര്‍ഭ ടണല്‍ നിര്‍മിക്കുന്നതുകൊണ്ടു ജനജീവിതം തടസപ്പെടില്ല. പലയിടങ്ങളിലായി 24 കിലോമീറ്ററില്‍ കട്ട് ആന്‍ഡ് കവര്‍ നിര്‍മാണ രീതിയാണു സ്വീകരിക്കുക. അതിനാല്‍ വീടുകള്‍ക്കു പ്രശ്‌നമുണ്ടാകില്ല. സാധ്യമായ സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് ഒഴിവാക്കും. പാതയുടെ അതിരുകളില്‍ ശക്തമായ മതില്‍ സ്ഥാപിച്ച് കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കും.

തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ പാത 11 ജില്ലകളിലൂടെയാണു കടന്നുപോകുക. പാത പൂര്‍ത്തിയാവുന്നതോടെ 529.45 കിലോമീറ്റര്‍ നാലു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാനാവും. സൗരോര്‍ജമുള്‍പ്പെടെ ഇന്ധനമായി ഉപയോഗിക്കുന്നതിനാല്‍ സില്‍വര്‍ലൈന്‍ മലിനീകരണമില്ലാത്ത ഗതാഗതമാര്‍ഗമാവും. പാതയോരത്തല്ലാത്ത വാണിജ്യ, വിനോദ സഞ്ചാര കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും മറ്റു യാത്രാമാര്‍ഗങ്ങളുമായി സില്‍വര്‍ലൈനിനെ ബന്ധിപ്പിക്കുമെന്നും അജിത് കുമാര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.