തിരുവനന്തപുരം: നിര്‍ദ്ദിഷ്ട തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗപാതയുടെ അലൈന്മെന്റ് എന്ന പേരില്‍ പ്രചരിക്കുന്ന ഗൂഗിള്‍ മാപ് വ്യാജമാണെന്നും തെറ്റിദ്ധാരണാജനകമാണെന്നും ഇതിന് യാഥാര്‍ഥ്യവുമായി ബന്ധമില്ലെന്നും കെ-റെയില്‍ വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ പാതയുടെ അലൈന്മെന്റും വിശദമായ പദ്ധതി റിപ്പോര്‍ട്ടും (ഡിപിആര്‍) ഈ മാസാവസാനം മാത്രമെ തയാറാകൂ എന്നിരിക്കെ ഈ പാതയിലെ പത്തു സ്റ്റേഷനുകളെ നേര്‍വരകളിലൂടെ ബന്ധിപ്പിച്ച് അലൈന്മെന്റ് പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് കെ-റെയില്‍ മാനേജിംഗ് ഡയറക്ടര്‍ അജിത്കുമാര്‍ അറിയിച്ചു.
പദ്ധതിയുടെ പ്രാഥമിക അലൈന്മെന്റ് കെ റെയിലിന്റെ വെബ്സൈറ്റില്‍ ലഭിക്കും.
ഇതുവരെ നടത്തിയ ജിയോ ടെക്നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍, ട്രാഫിക് പഠനം, പരിസ്ഥിതി ആഘാത പഠനം, ആകാശ ലൈഡാര്‍ സര്‍വെ തുടങ്ങിയവയും ഇപ്പോള്‍ നടക്കുന്ന സാമൂഹിക ആഘാത പഠനവും പൂര്‍ത്തിയാക്കിയശേഷമായിരിക്കും സില്‍വര്‍ അലൈന്മെന്റ് നിര്‍ണയിക്കുന്നത്.
സ്ഥിതി ഇതായിരിക്കെ ജനങ്ങളില്‍ തെറ്റിധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങള്‍ വഴി വാസ്തവ വിരുദ്ധമായ പ്രചരണം നടത്തുന്നവര്ക്കെതരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എംഡി പറഞ്ഞു.