ദുരിതം വിതച്ച മഹാപ്രളയത്തിന് ശേഷം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് കേരള ജനത. പ്രളയം ബാക്കിയാക്കിയ ചെളിയും മറ്റും വൃത്തിയാക്കുകയാണ് എല്ലാവരും. നിരവധി സാമൂഹിക സേവകരും ശുചിയാക്കൽ പ്രവർത്തികളിൽ കേരള ജനതയെ സഹായിക്കുന്നു. അത്തരത്തിൽ പഞ്ചാബിൽനിന്നും ഒരുകൂട്ടം വോളിന്റിയർമാർ കേരളത്തിൽ എത്തിയിട്ടുണ്ട്.
ജാതി-മത ഭേതമന്യേ ശുചികരണ പ്രവർത്തനങ്ങളിൽ സജീവമാണവർ. തിരുവോണ നാളിൽ ക്രിസ്തീയ ദേവാലയം വൃത്തിയാക്കുകയായിരുന്ന അവർ ഇപ്പോൾ പനയന്നൂർ അമ്പലം വൃത്തിയാക്കുന്ന തിരക്കിലാണ്. ക്ഷേത്രം അധികൃതരുടെ പ്രത്യേക ആവശ്യപ്രകാരമാണ് ക്ഷേത്ര ശുചികരണത്തിന് ഈ സിഖ് വോളിന്റിയർമാർ എത്തിയത്. ഖൽസ എയ്ഡ് എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തകാരിണിവർ.
പഞ്ചാബിൽ നിന്നെത്തിയ വോളിന്റിയർമാരിൽ ഒരാളായ ഗുർപ്രീത് സിങിന്റെ വാക്കുകൾ ഇങ്ങനെ : ‘ തിരുവോണ നാളിൽ പള്ളി വൃത്തിയാക്കുമ്പോഴാണ് മോഹൻദാസ് പ്രസാദ് എന്നൊരാൾ ഞങ്ങളെ സമീപിക്കുന്നത്. ചെളികയറി നിറഞ്ഞൊരു അമ്പലത്തിന്റെ ചിത്രവും അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്നു. തിരുവോണ നാളിൽ പോലും ഭക്തർക്ക് ക്ഷേത്രദർശനം നടത്താൻ സാധിക്കാത്ത അവസ്ഥയാണെന്നും അമ്പലം വൃത്തിയാക്കി താരാമോയെന്നും അദ്ദേഹം ചോദിച്ചു. പള്ളി വൃത്തിയാക്കിയാലുടൻ അവിടെയത്താമെന്ന് ഞങ്ങൾ അദ്ദേഹത്തിന് ഉറപ്പ് കൊടുത്തു. ഞങ്ങളെ സംബന്ധിച്ചടുത്തോളം മനുഷ്യരെല്ലാം ഒന്നാണ്. പള്ളി വൃത്തിയാക്കാമെങ്കിൽ അമ്പലവും വൃത്തിയാക്കാൻ ഞങ്ങൾക്ക് സാധിക്കും.’
ചെളി നിറഞ്ഞിരിക്കുന്ന അമ്പലവും പരിസരവും വൃത്തിയാക്കാൻ ഏകദേശം രണ്ട് ദിവസം പിടിക്കുമെന്നാണ് വോളിന്റിയേഴ്സ് പറയുന്നത്. എത്രയും വേഗം ശുചികരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി അമ്പലം ഉപയോഗ യോഗ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പണിയെടുക്കുകയാണ് ഒരുകൂട്ടം സിഖ് വോളിന്റിയർമാർ. രണ്ട് ദിവസംകൊണ്ടാണ് ഇവർ പള്ളിയും വൃത്തിയാക്കിയത്.
ദുരിതത്തിൽ വലഞ്ഞ കേരള സമൂഹത്തിന് ഭക്ഷണമൊരുക്കിയ കമ്മ്യുണിറ്റി കിച്ചണിൽനിന്നുമാണ് ഖൽസ എയ്ഡ് എന്ന സന്നദ്ധസംഘടയിലെ വോളിന്റിയർമാർ ശുചികരണ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങിയത്. ഇന്നലെയാണ് സിഖ് വോളിന്റിയർമാർ ആലപ്പുഴ ജില്ലയിലെ തലവാടി മാർത്തോമ പള്ളി വൃത്തിയാക്കുന്നത്. ഇതിന് ശേഷം വോളിന്റിയർമാർ നേരെ അമ്പലത്തിലെത്തുകയായിരുന്നു.
മനുഷത്വത്തിന്റെയും മതസൌഹർദത്തിന്റെയും പുത്തനനുഭവം മലയാളികളെ പഠിപ്പിക്കുകയാണ് പഞ്ചാബിൽ നിന്നെത്തിയ യുവ വോളിന്റിയർമാർ. 22 പേരടങ്ങുന്ന സന്നദ്ധപ്രവർത്തകരുടെ സംഘമാണ് കേരളത്തിൽ ഇപ്പോൾ സേവനം ചെയ്യുന്നത്. ശുചികരണ പ്രവർത്തനങ്ങൾക്ക് പുറമേ നിരവധി ക്യാമ്പുകളിൽ ഭക്ഷണവും എത്തിച്ചുനൽകുന്നുണ്ട് ഇവർ.