കൊച്ചി: വത്തിക്കാൻ സ്ഥാനപതിയോടും സിബിസി​ഐയോടും കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആരോപിതനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണം ആരംഭിച്ചു. വിശ്വാസികളും വൈദികരും കന്യാസ്ത്രീകളും ഈ ഒപ്പ് ശേഖരണയജ്ഞത്തിന് പിന്നിൽ സജീവമായുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലെ പുറത്താക്കാൻ ഒപ്പ് ശേഖരിച്ച് വത്തിക്കാൻ സ്ഥാനപതിക്കും കാതലിക്ക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ക്കും നൽകാനാണ് നീക്കം. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ നിഴലിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ രാജ്യത്തെമ്പാടുമുള്ള വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും ഒന്നിച്ചാണ് നീക്കം നടത്തുന്നത്.

ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ് സ്ഥാനത്ത് നിന്ന് നീക്കാന്‍ അടിയന്തരമായി വത്തിക്കാനില്‍ നിന്നുള്ള ഇടപെടല്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജംബതിസ്‌കോ ദിസ്‌കിതോയ്ക്കും സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനും സിബിസിഐയുടെ വനിതാ വിഭാഗം മുൻ സെക്രട്ടറി വിര്‍ജീനിയ സല്‍ദാന കത്തയച്ചു. സിബിസിഐ പ്രസിഡന്റിനും വത്തിക്കാന്‍ സ്ഥാനപതിക്കും നല്‍കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയിലെമ്പാടുമുള്ള വൈദികരും വിശ്വാസികളും കന്യാസ്ത്രീകളും ഒപ്പ് ശേഖരണവും തുടങ്ങിയിട്ടുണ്ട്.

ആരോപണ വിധേയനായ വ്യക്തി സഭയുടെ അധികാര സ്ഥാനത്തിരിക്കുന്നത് സഭയുടെ സല്‍പ്പേരിനു കളങ്കം വരുത്തുന്നതാണെന്നും അതുകൊണ്ടു തന്നെ എത്രയും വേഗം ബിഷപ്പിനെ തല്‍സ്ഥാനത്തു നിന്നു മാറ്റാന്‍ രണ്ടു പേരും വത്തിക്കാനില്‍ സമ്മര്‍ദം ചെലുത്തണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

Read More: ‘പീഡാനുഭവ’ ആരോപണങ്ങൾ, ആളൊഴിയുന്ന കന്യാസ്ത്രീ മഠങ്ങൾ

“ചിലര്‍ ഇപ്പോഴും കരുതുന്നത് ഇത് പരാതിക്കാരിയായ കന്യാസ്ത്രീ കെട്ടിച്ചമച്ച കഥയാണെന്നാണ്. എന്നാല്‍ ഒരു കാര്യം ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. കോടതികള്‍ തെളിവായെടുക്കുന്നത് ഇരയായ സ്ത്രീയുടെ മൊഴിയായിരിക്കും. സഭയുടെ അധികാരത്തിന്റെ വ്യാപ്തിയും ഇത്തരമൊരു ആരോപണം ഉന്നയിച്ചാലുണ്ടാകുന്ന പ്രത്യാഘാതം അറിയാവുന്ന ഒരു കന്യാസ്ത്രീ ഒരിക്കലും വ്യാജമായി ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ തയാറാകില്ലെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ഈ സാമൂഹിക വിപത്തിനെതിരേ പൊരുതേണ്ടിയിരിക്കുന്നു, “സിബിസിഐ വിമണ്‍സ് കമ്മീഷന്‍ മുന്‍ സെക്രട്ടറി ആന്‍ഡ് എഫ്എ ബിസി ലെയ്റ്റി കമ്മീഷന്‍ വിര്‍ജീനിയ സല്‍ദാന അയച്ച കത്തില്‍ പറയുന്നു.

“സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളിൽ സീറോ ടോളറന്‍സാണുള്ളതെന്ന മാര്‍പാപ്പയുടെ നിലപാട് നിലനില്‍ക്കുമ്പോഴാണ് ആരോപണ വിധേയനായ ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ് സ്ഥാനത്ത് തുടരുന്നതെന്നത് വിരോധാഭാസമാണ്. അതുകൊണ്ടു തന്നെ എത്രയും വേഗം ബിഷപ്പിനെ സ്ഥാനത്ത് നിന്നും മാറ്റി സഭയുടെ സല്‍പ്പേരു വീണ്ടെടുക്കേണ്ടിയിരിക്കുന്നു” വിർജീനിയ സൽദാന സിബിസിഐ പ്രസിഡന്റിനയച്ച കത്തില്‍ പറയുന്നു.

Read More: കന്യാസ്ത്രീക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നു: പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്‌ത് മദര്‍ ജനറല്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകളില്‍ സിബിസിഐ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഈ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ആരോപണ വിധേയനായ ബിഷപ്പിനെ സഭാ ചുമതലകളില്‍ നിന്നും മാറ്റാന്‍ വത്തിക്കാന്‍ ഇടപെടല്‍ അടിയന്തരമായി ഉറപ്പാക്കണമെന്നാണ് വത്തിക്കാന്‍ സ്ഥാനപതിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്.

കത്തോലിക്കാ സഭാ നേതൃത്വമോ കത്തോലിക്കാ മെത്രാന്‍ സമിതിയോ ഫ്രാങ്കോ മുളയ്ക്കല്‍ ഉള്‍പ്പെട്ട പീഡന കേസ് വിഷയത്തില്‍ ഇതുവരെ നിലപാടു വ്യക്തമാക്കുകയോ നടപടി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഫലത്തില്‍ സഭയുടെ പിന്തുണ ബിഷപ്പിനാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബിഷപ്പിനെ നീക്കാന്‍ ബദല്‍ നീക്കങ്ങളുമായി വൈദികരും കന്യാസ്ത്രീകളും രംഗത്തെത്തിയിട്ടുള്ളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ