കോഴിക്കോട്: തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ പ്രതികൾ കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കിയത് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽവച്ചെന്ന് സൂചന. ഹോട്ടലിൽ നിന്ന് ട്രോളി ബാഗുമായി രണ്ട് പേർ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മേയ് 19 ന് വൈകീട്ട് 3.09 നും 3.19 നും ഇടയിൽ പ്രതികളെന്ന് സംശയിക്കുന്ന സ്ത്രീയും പുരുഷനും ട്രോളിയുമായി ഹോട്ടലിൽ നിന്ന് ഇറങ്ങി വെള്ള നിറത്തിലുള്ള കാറിൽ കയറ്റി പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഹോട്ടലിന്റെ തൊട്ടടുത്തുള്ള വസ്ത്രവിൽപനശാലയിലെ സിസിടിവി ക്യാമറിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. കാർ പാർക്ക് ചെയ്ത് 15 മിനിറ്റിനുശേഷമാണ് ആദ്യ ബാഗ് കാറിന്റെ ഡിക്കിയിൽ കയറ്റുന്നത്. കുറച്ചു കഴിഞ്ഞ് ഒരു ട്രാളി ബാഗുമായി ഒരു യുവതി എത്തുന്നു. ഈ ബാഗും കാറിൽ കയറ്റിയശേഷം ഇരുവരും കാറിൽ കയറി പോകുന്നതാണ് ദൃശങ്ങളിലുള്ളത്.
ഹോട്ടലിൽ രണ്ടു മുറികളാണ് ബുക്ക് ചെയ്തിരുന്നത്. സിദ്ദിഖിന്റെ പേരിലാണ് റൂമുകൾ ബുക്ക് ചെയ്തിരുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഈ മാസം 18 നാണ് സിദ്ദിഖിനെ കാണാതാകുന്നത്. മേയ് 18 നോ 19 നോട് കൊലപാതകം നടന്നിരിക്കാമെന്നാണ് മലപ്പുറം എസ്‌പി സുജിത്ത് ദാസ് പറഞ്ഞത്. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്നും വ്യക്തി വൈരാഗ്യമാകാം കൊലപാതക കാരണമെന്ന് സംശയിക്കുന്നതായും എസ്‌പി പറഞ്ഞു.
സംഭവത്തിൽ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഷിബിലി, സുഹൃത്ത്, ആഷിഖ്, ഫർഹാന, ഫർഹാനയുടെ സഹോദരൻ ഷുക്കൂർ എന്നിവരാണ് പിടിയിലായത്. സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനാണ് ഷിബിലി. ഇയാളുടെ പെൺസുഹൃത്താണ് ഫർഹാന. രണ്ടാഴ്ച മുമ്പാണ് ഷിബിലി ഹോട്ടലില്‍ ജോലിക്കെത്തിയതെന്ന് ഹോട്ടലിലെ ജീവനക്കാര്‍ പറഞ്ഞു. സ്വഭാവ ദൂഷ്യം കാരണം പിന്നീട് ഇയാളെ പറഞ്ഞുവിട്ടുവെന്നും പിന്നീട് ഇയാളെ കുറിച്ച് വിവരം ഒന്നും ഉണ്ടായിരുന്നില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.
കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ സ്വദേശി സിദ്ദിഖ് (58) ആണ് കൊല്ലപ്പെട്ടത്. അട്ടപ്പാടി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽനിന്ന് കണ്ടെടുത്ത ട്രോളി ബാഗുകളിലാണ് മൃതദേഹം കണ്ടെത്തിയത്.
അതിനിടെ, ഷിബിലിക്കെതിരെ ഫർഹാന മുൻപ് പോക്സോ കേസ് നൽകിയിരുന്നതായി വെളിപ്പെടുത്തൽ. 2021 ജനുവരിയിൽ പാലക്കാട് ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിലാണ് ഫർഹാന പോക്സോ കേസ് ഫയൽ ചെയ്തത്. 2018ൽ നെന്മാറയിൽ വഴിയരികിൽ വച്ച് 13 വയസുള്ള ഫർഹാനയെ പീഡിപ്പിച്ചുവെന്നായിരുന്നു ഷിബിലിക്കെതിരെ നൽകിയ കേസ്. അന്നത്തെ കേസിനു ശേഷമാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലായതെന്നാണ് വിവരം.