ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. പൊതുസമൂഹത്തോടും മാധ്യമങ്ങളോടും നന്ദിയെന്ന് സിദ്ദിഖ് കാപ്പൻ. ഒപ്പമുള്ള നിരപരാധികൾ ഇപ്പോഴും ജയിലിലാണെന്നും നീതി പൂർണമായി ലഭിച്ചെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
”28 മാസങ്ങള്‍ക്കും നീണ്ട പോരാട്ടത്തിനും ശേഷം ഞാന്‍ ഇന്നു പുറത്താണ്. മാധ്യമങ്ങളില്‍നിന്ന് എനിക്കു വളരെയധികം പിന്തുണ ലഭിച്ചു. സന്തോഷവാനാണ്,”കാപ്പന്‍ പറഞ്ഞു.
”ഞാന്‍ അവിടെ (ഹഥ്‌റാസില്‍) റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു. അതില്‍ എന്താണ് തെറ്റ്?… ലാപ്ടോപ്പും മൊബൈല്‍ ഫോണും അല്ലാതെ എന്റെ പക്കല്‍നിന്ന് ഒന്നും കണ്ടെത്തിയില്ല. രണ്ട് പേനകളും ഒരു നോട്ട്ബുക്കുമുണ്ടായിരുന്നു,” തനിക്കെതിരെ പൊലീസ് ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി കാപ്പന്‍ പറഞ്ഞു.
അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ച് ഒരു മാസത്തിന് ശേഷമാണ് കാപ്പന്‍ മോചിതനാകുന്നത്. കഴിഞ്ഞ 27 മാസമായി ഉത്തർപ്രദേശിലെ ജയിലിൽ കഴിയുകയായിരുന്നു കാപ്പൻ. നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെ 8.30നു കാപ്പനെ വിട്ടയച്ചതായി ലഖ്നൗ സീനിയര്‍ ജയില്‍ സൂപ്രണ്ട് ആശിഷ് തിവാരി ദി ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.
ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട യുപിയിലെ ഹത്രാസിലേക്കുള്ള യാത്രാമധ്യേ 2020 ഒക്ടോബറിലാണു സിദ്ദിഖ് കാപ്പനെയും മറ്റു മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അശാന്തി സൃഷ്ടിക്കാനും പ്രതിഷേധം ആളിക്കത്തിക്കാനും ശ്രമിച്ചുവെന്ന് ആരോപിച്ച് യുഎപിഎ വകുപ്പുകള്‍ പ്രകാരമാണു പൊലീസ് കേസെടുത്തത്.

സിദ്ദിഖ് കാപ്പനൊപ്പം പോപുലർ ഫ്രണ്ട് പ്രവർത്തകരായ അതീഖുർ റഹ്മാൻ, മസൂദ് അഹമ്മദ്, ഡ്രൈവർ ആലം എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിദ്ദിഖ് കാപ്പനെതിരെ 5,000 പേജുള്ള കുറ്റപത്രമായിരുന്നു ഉത്തര്‍ പ്രദേശ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. സിദ്ദിഖ് കാപ്പനെഴുതിയ ലേഖനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചിരുന്നു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധമുണ്ടെന്ന് ആരോപിച്ച് ഉത്തർ പ്രദേശ് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്‍പതിന് സുപ്രീം കോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ കാപ്പൻ ജയിൽ മോചിതനായില്ല. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് 2022 ഡിസംബര്‍ 24-നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസില്‍ കാപ്പന് ജാമ്യം അനുവദിച്ചത്.