കോഴിക്കോട്: നഗരത്തിലെ വനിതാ ഹോസ്റ്റലിന് സമീപം രാത്രിസമയത്ത് എത്തിയ എസ്‌ഐയെ ചോദ്യം ചെയ്ത വിദ്യാര്‍ഥിയെ മർദ്ദിച്ച സംഭവത്തിൽ പരാതി സ്വീകരിക്കാൻ പൊലീസ് വിസമ്മതിച്ചു. വിദ്യാർഥിയുടെ സഹോദരനിൽ നിന്നാണ് പൊലീസ് പരാതി സ്വീകരിക്കാതിരുന്നത്. പരാതി സ്വീകരിക്കാൻ എസ്ഐയുടെ അനുവാദം വേണമെന്നായിരുന്നു പൊലീസുകാരുടെ നിർദേശമെന്നും സഹോദരൻ പറഞ്ഞു.

മെഡിക്കല്‍ കോളേജ് എസ്ഐ ഹബീബുള്ളയ്ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. അതേസമയം എസ്ഐക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും എന്ന് പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറി. ഓഫീസിലെത്തി മാപ്പ് പറയാമെന്ന് എസ്ഐ ഉറപ്പ് നല്‍കിയതായാണ് കോണ്‍ഗ്രസുകാരുടെ വാദം. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിലാണ് മെഡിക്കൽ കോളേജ് എസ്ഐ പാതിരാത്രി എത്തിയത്.

വ്യാഴാഴ്ച രാത്രി പത്തര​യോടെയാണ് നടക്കാവ് സ്‌റ്റേഷന്‍ പരിധിയിലുള്ള വനിതാ ഹോസ്റ്റലില്‍ മെഡിക്കല്‍ കോളേജ് എസ്ഐ ഹബീബുള്ളയെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. ഹോസ്റ്റലിന് പുറത്ത് ഒരു സ്ത്രീയുമായി ഒരാള്‍ സംസാരിച്ചുനില്‍ക്കുന്നത് കണ്ട കുട്ടിയുടെ പിതാവാണ് ആദ്യം കാര്യം അന്വേഷിച്ചത്. ഇതോടെ എസ്ഐ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ പതിനാറുകാരനെയും എസ്ഐ മര്‍ദ്ദിച്ചു. താന്‍ ആരാണെന്ന് മനസ്സിലായില്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. കുട്ടിയെ ജീപ്പില്‍ എടുത്തിട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അമ്മയും സഹോദരിയും ചേര്‍ന്ന് ജീപ്പ് തടയുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ കുട്ടിയെ ഇറക്കിവിട്ടശേഷം എസ്ഐ ജീപ്പുമായി കടന്നു.

പൊലീസ് മർദനത്തിൽ കഴുത്തിലെ എല്ലിനും ഇടുപ്പെല്ലിനും പരുക്കേറ്റ വിദ്യാർഥി കോഴിക്കോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ